രാജ്യദ്രോഹക്കേസ് സംബന്ധിച്ച മുഷാറഫിന്റെ ഹര്‍ജികള്‍ കോടതി തള്ളി

single-img
24 December 2013

Pervez-Musharraf_2രാജ്യദ്രോഹക്കേസ് വിചാരണയ്ക്ക് സ്‌പെഷല്‍ കോടതി രൂപീകരിച്ചതു ചോദ്യം ചെയ്ത് മുന്‍ പാക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫ് സമര്‍പ്പിച്ച മൂന്നു ഹര്‍ജികള്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളി. പട്ടാള ഭരണാധികാരിയെന്ന നിലയില്‍ താന്‍ എടുത്ത നടപടികള്‍ സൈനിക കോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാനാവൂ എന്നും സ്‌പെഷല്‍ കോടതി രൂപീകരിച്ചതു നിയമവിരുദ്ധമാണെന്നുമുള്ള മുഷാറഫിന്റെ വാദം ഹൈക്കോടതി നിരാകരിച്ചു.

സ്‌പെഷല്‍ കോടതിയില്‍ മൂന്നു ജഡ്ജിമാരെ നിയമിച്ചതു ചോദ്യം ചെയ്തുകൊണ്ട് മുഷാറഫിന്റെ അഭിഭാഷകന്‍ ബാരിസ്റ്റര്‍ അന്‍വര്‍ മസൂര്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളി. വലതുപക്ഷ രാഷ്ട്രീയക്കാരുമായി ബന്ധമുള്ള അക്രം ഷേക്കിനെ രാജ്യദ്രോഹക്കേസിന്റെ പ്രോസിക്യൂട്ടറായി നിയമിച്ചതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച മൂന്നാമത്തെ ഹര്‍ജിയും നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. ഇതോടെ മുഷാറഫിനെ വിചാരണ ചെയ്യുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. ഇന്നു ഹാജരാവണമെന്നു സ്‌പെഷല്‍ കോടതി മുഷാറഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.