ടി.പി വധം: കൂറുമാറിയ സാക്ഷികള്‍ക്കെതിരേ നടപടി തേടി ഹര്‍ജി നല്‍കും

single-img
23 December 2013

TP chandrashekaran - 6ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 166 സാക്ഷികളില്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയ 52 പേര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ അടുത്തയാഴ്ച വിചാരണക്കോടതിയില്‍ പരാതി നല്‍കുമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണെ്ടന്നു പ്രോസിക്യൂട്ടര്‍ പി. കുമാരന്‍കുട്ടി പറഞ്ഞു.

സാക്ഷികളില്‍ 52 പേര്‍ കൂറുമാറിയത് ഇടക്കാല വിധിയില്‍ 20 പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടാന്‍ ഇടയാക്കിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണു കൂറുമാറിയവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു പ്രത്യേക ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. കൂറുമാറിയവരില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുണ്ട്. വടകര, നാദാപുരം മജിസ്‌ട്രേറ്റ് കോടതികളില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ വരെ കൂറുമാറിയതു വിസ്താരത്തിനിടെ പ്രോസിക്യൂഷനെ ഞെട്ടിച്ചിരുന്നു.

മൊഴിമാറ്റിയതിനെതിരേ പാലക്കാട് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്, മാനന്തേരി യുപി സ്‌കൂള്‍ അധ്യാപകനും കെഎസ്ടിഎ അംഗവുമായ പി.അജിത്, പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ മുകളില്‍ ഒട്ടിക്കാനായി സ്റ്റിക്കര്‍ തയാറാക്കി നല്‍കിയ തലശേരിയിലെ സ്റ്റിക്കര്‍ കട്ടിംഗ് ഉടമ സി.കെ. ബിന്ദുമോന്‍ എന്നിവര്‍ക്കെതിരേ നേരത്തേ പ്രോസിക്യൂഷന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതു വിചാരണയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി വച്ചിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണു മറ്റു സാക്ഷികള്‍ക്കതിരേയും പരാതി നല്‍കുന്നത്.