മകന്‍ ഉയര്‍ന്നുപോയത് അവന്റെ മിടുക്കുകൊണ്ടെന്ന് തിരുവഞ്ചൂര്‍; ഗുജറാത്തിലെ കുപ്പിവെള്ള കമ്പനി ആരടേതാണെന്ന് വ്യക്തമാക്കണമെന്ന് പി.സി

single-img
23 December 2013

pcമലയാളി വ്യവസായി അഭിലാഷ് മുരളീധരനെ 12 വര്‍ഷമായി അറിയാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കരുനാഗപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണെ്ടന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. അഭിലാഷിനെ അറിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല, ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണ്.

എംജി യൂണിവേഴ്‌സിറ്റിയില്‍നിന്നു രണ്ടാം റാങ്കോടെ എന്‍ജിനിയറിംഗ് ബിരുദം നേടിയ മകന്‍ അര്‍ജുന്‍ പിന്നീടു സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലെ റോച്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്ത്യക്കാരനായ ഡോ. സതീഷ് കണ്ടരിക്കര്‍ എന്ന വകുപ്പുമേധാവിയുടെ കീഴില്‍ ഉപരിപഠനത്തിനു ചേരുകയായിരുന്നു. ഇവിടെനിന്നാണു ഗുജറാത്തിലെ കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിച്ചത്. പണം നല്‍കിയല്ല, മറിച്ച് തൊഴില്‍ മികവിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുന്‍ സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമിതനായത്. ഈ ഒരു കമ്പനിയില്‍ മാത്രമല്ല, മറ്റു കമ്പനികളിലും അര്‍ജുന്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നുണ്ട്. അര്‍ജുന്‍ അംഗമായ എന്‍ജിനിയറിംഗ് മാനേജ്‌മെന്റ് സര്‍വീസ് കണ്‍സള്‍ട്ടന്റ് എന്ന കണ്‍സള്‍ട്ടിംഗ് ഏജന്‍സിയില്‍ മൂത്ത മകന്‍ ഡോ. അനുപം രാധാകൃഷ്ണനും അംഗമാണ്. ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മകനെ എന്തിനാണ് ഇങ്ങനെ കൊല്ലുന്നതെന്നും മന്ത്രി തിരുവഞ്ചൂര്‍ ചോദിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണ്. മകനു ജോലി ലഭിച്ചത് പ്രഫഷണല്‍ മികവുകൊണ്ടാണ്, തന്റെ മകനെന്ന നിലയിലല്ല. തന്നോടും മക്കളോടും അസൂയ ഉള്ളവരാണ് ആരോപണത്തിനു പിന്നില്‍. അവരുടെ മക്കള്‍ക്ക് ഇവയൊന്നും ലഭിക്കാത്തതിലുള്ള അസൂയയാകാം പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആഭ്യന്തരമന്ത്രിക്കെതിരേ തുടരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, കല്ലും മണലും മാഫിയയുമൊക്കെയായി നടക്കുന്നവരെക്കുറിച്ചു താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.

എന്നാല്‍ തിരുവഞ്ചൂരിന്റെ പത്രസമ്മേളനത്തിനു മറുപടിയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ് രംഗത്തെത്തി. തന്റെയോ മകന്റെയോ പേരില്‍ പാറമടയോ ക്വാറിയോ ഇല്ല. കള്ളമണ്ണും ക്രഷറുമായി നടക്കുന്ന ആളെപ്പോലെ തന്നെ കാണരുതെന്ന തിരുവഞ്ചൂരിന്റെ പരമാര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു പി.സി . ജോര്‍ജ്. താനും മക്കളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാലതു പിടിച്ചുപറിക്കാനോ കൊള്ളയടിക്കാനോ അല്ല. ഗുജറാത്തിലെ കുപ്പിവെള്ളക്കമ്പനി തിരുവഞ്ചൂരിന്റേതോ അഭിലാഷിന്റേതോ എന്നും പി.സി. ജോര്‍ജ് ആരാഞ്ഞു. അഭിലാഷിന്റെ കൈയില്‍നിന്നു തിരുവഞ്ചൂരിന്റെ മകന്‍ എത്ര രൂപ ശമ്പളം വാങ്ങിയിട്ടുണെ്ടന്നും തിരുവഞ്ചൂരിന്റെ വാഹനം എത്ര തവണ അഭിലാഷിന്റെ വീട്ടില്‍ പോകാറുണെ്ടന്നും ജോര്‍ജ് ചോദിച്ചു. ഗോകുലം ചിട്ടിഫണ്ടിന്റെ കായംകുളം ശാഖയില്‍ അഭിലാഷ് മുരളീധരന്‍ മൂന്നു കോടി രൂപ നല്‍കാനുണെ്ടന്നും ജോര്‍ജ് ആരോപിച്ചു.