സ്വവർഗ രതി:കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

single-img
20 December 2013

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്.

ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് ജസ്റ്റിസ് ജി.എസ് സിങ് വി അധ്യക്ഷനായ ബഞ്ച് റദ്ദാക്കിയത്.

ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് വിവിധ മതസാമൂഹിക സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ്, സ്വവര്‍ഗാനുരാഗികള്‍ക്ക് തിരിച്ചടിയായ വിധി വന്നത്. രാജ്യത്തെ സാമൂഹികവും മതപരവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്ന് ആരോപിച്ചാണ് സംഘടനകള്‍ അതിനെതിരെ ഹര്‍ജി നല്‍കിയത്. സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്ന സംഘടനയായ നാസ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി തള്ളിയിട്ടുമുണ്ട്.

പാര്‍ലമെന്റ് തീരുമാനിക്കുന്നതുവരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം ലൈംഗികബന്ധം നിയമവിധേയമാക്കാന്‍ കഴിയില്ല. 377അം വകുപ്പില്‍ ഭരണഘടനാവിരുദ്ധമായി ഒന്നും കാണുന്നില്ല. പോലീസോ മറ്റ് അധികൃതരോ ഈ വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ടാകാം. എന്നാല്‍, അതിന്റെ പേരില്‍ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാന്‍ കഴിയില്ല കോടതി വ്യക്തമാക്കിയിരുന്നു.