അമേരിക്ക ഖേദം പ്രകടിപ്പിച്ചു; ദേവയാനി യുഎന്‍ ദൗത്യസംഘത്തില്‍ അംഗമാക്കും

single-img
19 December 2013

ഇന്ത്യന്‍ നയതന്ത്രജ്ഞയെ അമേരിക്കയില്‍ അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ചാണ് കെറി ഖേദം അറിയിച്ചത്. ദേവയാനിയുടെ അറസ്റ്റിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുയര്‍ന്ന ജനവികാരം സെക്രട്ടറി മനസിലാക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവം ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുന്നതില്‍ കെറി ആശങ്ക പ്രകടിപ്പിച്ചു. ജോണ്‍ കെറി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് മേരി ഹാര്‍ഫ് പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ കേസ് റദ്ദാക്കുമെന്നുള്ള സൂചനകളൊന്നും ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായില്ല. കേസ് നടത്തിപ്പില്‍ വന്ന വീഴ്ചകളുടെ പേരിലും നയതന്ത്രജ്ഞ അപമാനിക്കപ്പെട്ടതിലുമാണ് ഖേദം പ്രകടിപ്പിച്ചിട്ടുള്ളത്. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ സെക്രട്ടറിക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്.

അതേസമയം അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി കൊബ്രഗഡയ്ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ നല്‍കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ദേവയാനിയെ യുഎന്‍ ദൗത്യസംഘത്തിലെ ഇന്ത്യയുടെ സ്ഥിരാംഗമാക്കും. നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായാണ് നടപടി. ന്യൂയോര്‍ക്കിലെ യുഎന്‍ മിഷനിലേക്കാണ് ദേവയാനിയെ മാറ്റിയത്.

ദേവയാനിയെ അറസ്റ്റു ചെയതതില്‍ പ്രതിഷേധിച്ച് ഇന്ത്യ നടപടികള്‍ കടുപ്പിച്ചിരുന്നു. ഇന്ത്യയിലെ യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇന്ത്യ വെട്ടിച്ചുരുക്കി. യുഎസ് നയതന്ത്ര പ്രതിനിധികളുടെ തിരിച്ചറിയല്‍ കാര്‍ഡും തിരികെ വാങ്ങി. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ഇന്ത്യ വിസമതിച്ചിരുന്നു. അമേരിക്കന്‍ എംബസിക്കു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തു.

ദേവയാനിയെ പരസ്യമായി അറസ്റ്റ് ചെയ്തു വിലങ്ങണിയിച്ച സംഭവം രാജ്യത്തോടുള്ള അവഹേളനമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥയെ പരിശോധനക്കായി വസ്ത്രാക്ഷേപം നടത്തിയത് അപലപനീയമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.