ജന്മഗ്രാമത്തില്‍ മണ്ടേലയ്ക്ക് അന്ത്യവിശ്രമം

single-img
16 December 2013

mandela

നെല്‍സണ്‍ മണ്ടേല നിത്യവിശ്രമത്തില്‍ പ്രവേശിച്ചു. പത്തുദിവസത്തെ ദുഃഖാചരണത്തിനൊടുവില്‍ പ്രിയപ്പെട്ട മാഡിബയ്ക്കു ദക്ഷിണാഫ്രിക്കന്‍ ജനത വിടചൊല്ലി. അദ്ദേഹം ബാല്യകാലം ചെലവഴിച്ച ക്വുനു ഗ്രാമത്തിലുള്ള കുടുംബ ശ്മശാനത്തിലാണ് മണ്ഡേലയെ അടക്കം ചെയ്തത്. പൂര്‍ണ ഔദ്യോഗിക ബഹുമതിക്കൊപ്പം ഗോത്രാചാരപ്രകാരമുള്ള ചടങ്ങുകളും സംസ്‌കാരത്തിന് അനുവര്‍ത്തിച്ചു. ആത്മസുഹൃത്ത് ആര്‍ച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടു അടക്കം ക്ഷണിക്കപ്പെട്ട 4,500 പേര്‍ മാത്രമാണു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

കുടുംബശ്മശാനത്തിലെ കുഴിമാടത്തിനുസമീപം തീര്‍ത്ത താത്കാലിക കൂടാരത്തിലായിരുന്നു ചടങ്ങുകള്‍. മൃതദേഹം സൈനിക അകമ്പടിയോടെ സംസ്‌കാരസ്ഥലത്തേക്ക് എത്തിച്ചു. മണ്ഡേലയ്ക്ക് അന്തിമ ആദരവര്‍പ്പിച്ച് സൈന്യം 21 വട്ടം വെടിമുഴക്കി. വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പരേഡ് നടത്തി.

കൂടാരത്തിലെ മണ്ടേലയുടെ ചിത്രത്തിനു മുന്നില്‍ അദ്ദേഹം ജീവിച്ച 95 വര്‍ഷങ്ങളെ അനുസ്മരിച്ച് അത്രയും മെഴുകുതിരികള്‍ കത്തിച്ചുവച്ചിരുന്നു. ഷോസെ വിഭാഗത്തിലെ തെമ്പു ഗോത്രനേതാക്കള്‍ മൃഗത്തോലുകളണിഞ്ഞ് ഗോത്രാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ട 4500 പേരില്‍ വളരെക്കുറച്ചു പേര്‍ക്കു മാത്രമാണു കുഴിമാടത്തിനു സമീപത്തേക്കു പ്രവേശനം അനുവദിച്ചത്.