കല സാമൂഹ്യ നന്മക്ക് : പ്രൊഫ. ആര്‍.കെ.മലയത്ത്

single-img
15 December 2013

അമാനുല്ല വടക്കാങ്ങര

ജാലവിദ്യകളെ മാനവ സൗഹാര്‍ദ്ധത്തിനും സംസ്‌കരണത്തിനും രാജ്യ താല്‍പര്യത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്താമെന്ന് പ്രായോഗികമായി തെളിയിക്കുകയാണ് താനെന്ന് പ്രശസ്ത മജീഷ്യന്‍ ആര്‍. കെ മലയത്ത് പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡീയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു നിരന്തരമായ പരിശീലനവും ശ്രദ്ധയുമുള്ള ആര്‍ക്കും പഠിക്കാവുന്ന ഒരു കലയാണ് മാജിക്ക് എന്നാും ഇതിനെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രീയാടിത്തറയുള്ള ഒരു കലാരൂപമായി പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഴക്കുന്നന്‍ നമ്പൂതിരിയുടെയും കെ. എം. മയാജാല കഥകളും കേട്ട് വളര്‍ന്ന താന്‍ മാന്ത്രിക ലോകത്ത് ജനിച്ച് വീഴുകയായിരുന്നുവെന്നും ഇന്നും പുതിയ നമ്പറുകളെക്കുറിച്ചും കൂടുതല്‍ ജനങ്ങളെ വിസ്മയിപ്പിക്കുന്നതിനെകുറിച്ചുമാണ് താന്‍ ചിന്തിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാന്ത്രികന്റെ കിനാവും ഭാവനയുമാണ് മാജിക്. അതിന്റെ ചക്രവാളങ്ങള്‍ അനുദിനം വികസിച്ച് കൊണ്ടേയിരിക്കും. പക്ഷേ ആത്യന്തികമായി ഈ കലാരൂപത്തെ ജനോപകാരപ്രദമായ നിലയില്‍ എങ്ങനെ വിനിയോഗിക്കാം എന്നതാണ് അടിസ്ഥാന പ്രശ്‌നം.

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ കലാപരമായ കഴിവുകളെ താന്‍ പരമാവധി പ്രയോജനപ്പെടുത്തിയുട്ടുണ്ടെന്നും ലോകസമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും മനുഷ്യ സ്‌നേഹത്തിന്റേയും മത മൈത്രിയുടെയും സന്ദേശമുയര്‍ത്തിപ്പിടിക്കുവാനും ശ്രമിക്കുന്നതായിരുന്നു തന്റെ ഓരോ പരിപാടിയുമെന്നും അദ്ധേഹം പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ദേശസ്‌നേഹം, ഐക്യം, അഖണ്ഡത, സാമൂഹ്യ സൗഹാര്‍ദ്ദം തുടങ്ങിയ മഹിതസന്ദേശങ്ങളുടെ പൂര്‍ത്തീകരണത്തിന് മാജികിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരീക്ഷിച്ചു. 1984 ല്‍ ദേശീയോദ്ഗ്രഥന റാലിയില്‍ കേരളത്തെ പ്രതിനിധീകരിച്ച മലയത്ത് മായാജാലത്തിന്റെ മാസ്മരിക സ്വഭാവം വിവിധ ഭാഷക്കാരും സ്വഭാവക്കാരുമായ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപല്‍വകരമായ മാറ്റത്തിന് വഴിതെളിയിക്കുമെന്ന് അനുഭവിച്ചറിയുകയായിരുന്നു.

തെരുവ് മജീഷ്യന്‍മാരുടെ കണ്‍കെട്ട് വിദ്യകള്‍ കണ്ട് കൗതുകമൂറിയ എത്തിപ്പെട്ടത് കെ. എം. അലി ഖാനിലും വാഴക്കുന്നന്‍ നമ്പൂതിരിയിലുമായിരുന്നു. പത്താം കല്‍സില്‍ പഠിക്കുമ്പോഴാണ് കെ. എം. അലി ഖാന്റെ ചില ചെപ്പടി വിദ്യകള്‍ കാണാനിടയായത്. മാജികിന്റെ ഉള്ളറകള്‍ തേടി മഞ്ചേരിയിലെത്തി അലിഖാന്റെ ശിഷ്യത്വം സ്വീകരിച്ചത്. അലിഖാനാണ് വാഴക്കുന്നന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തിയത്. മാജിക് ഒരു ശാസ്ത്രീയാടിത്തറയുള്ള കലയാണെന്ന് ബോധ്യപ്പെടുത്തുകയും കൂടുതല്‍ പേരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മാജിക് പരിശീലനം തുടങ്ങിയത്. 1990 മുതല്‍ നിലമ്പൂരില്‍ മലയത്ത് സ്‌ക്കൂള്‍ ഓഫ് മാജിക് എന്ന പേരില്‍ സ്ഥാപനം നടത്തുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി പേര്‍ മാജിക് പഠിച്ച് പുറത്തിറങ്ങി. പലരും നന്നായി പരിപാടി അവതരിപ്പിക്കുന്നവരാണ്.

ജാലവിദ്യകളെ മാനവ സൗഹാര്‍ദ്ധത്തിനും സംസ്‌കരണത്തിനുമെന്നപോലെ രാജ്യ താല്‍പര്യത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്താമെന്ന് പ്രായോഗികമായി തെളിയിച്ച മൈന്‍ഡ് ഡിസൈനിംഗ് ശില്‍പശാലകള്‍ കേരളത്തിനകത്തും പുറത്തും കൂടുതല്‍ പ്രചാരം നേടുകയാണെന്നും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇച്ഛാശക്തിയും ആത്മധൈര്യവും നല്‍കി വിജയപാതയിലേക്ക് നയിക്കുകയെന്നതാണ് മൈന്‍ഡ് ഡിസൈനിംഗ് ശില്‍പശാലയുടെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രഗല്‍ഭരായ മനശാസ്ത്രജ്ഞരുപമായി സഹകരിച്ച് രൂപകല്‍പന ചെയ്ത മെഡുല്ല പല്‍സ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും പഠിക്കാനുള്ള താല്‍പര്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുവാനും വിദ്യാര്‍ഥികളെ സഹായിക്കുന്ന ഈ പരിപാടി എല്ലാ സാമൂഹ്യ തിന്മകളില്‍ നിന്നും യുവ മനസുകളെ മോചിപ്പിക്കുവാനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മല മലയത്ത്, രാകിന്‍ മലയത്ത് എന്നിവരും മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്തു. ഇന്ത്യന്‍ മീഡിയാ ഫോറം ആക്ടിംഗ് പ്രസിഡന്റ് പ്രദീപ് മേനോന്‍ സ്വാഗതവും സെക്രട്ടറി സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു.