മേളയുടെ ആവേശക്കടലിലേക്ക് കിംകി ഡൂക്ക് ഇന്നെത്തും

single-img
10 December 2013

Kim-Ki-dukതലസ്ഥാന നഗരിയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേള നാലാം ദിവസത്തിലേക്ക് കടക്കുമമ്പാള്‍ സിനിമാ പ്രേമികള്‍ക്ക് ആവേശമായി കിംകി ഡുക്ക് ഇന്ന് എത്തുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കിംകി ഡുക്ക് ചൊവ്വാഴ്ച രാത്രിയാണ് അനന്തപുരിയിലെത്തുന്നത്.
രാത്രി പത്തിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന കിമ്മിനെ ബുധനാഴ്ചതന്നെ മേള നഗരിയിലെത്തിക്കാന്‍ സംഘാടകര്‍ ഒരുക്കം തുടങ്ങി. പ്രധാനവേദിയായ കൈരളി തിയറ്ററിനടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് കിമ്മിന് ആതിഥേയര്‍ താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് തലസ്ഥാനത്തെത്തുന്ന കിമ്മിന് മേള നഗരിയിലെത്തുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ നാലു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരാധകരുമായും സിനിമ പ്രവര്‍ത്തകരുമായി കിമ്മിന് സംവദിക്കാന്‍ ദ്വിഭാഷിയുടെ സേവനവും ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നെത്തുന്ന കിം മേളയുടെ സമാപന ചടങ്ങു കഴിയുംവരെ തലസ്ഥാനത്തുണ്ടാവും. സമാപനച്ചടങ്ങില്‍ കിമ്മാണ് മുഖ്യാതിഥി.

കിംമ്മിന്റെ ചിത്രങ്ങള്‍ ഓരോ ഋതുക്കളായാണ് ആരാധകര്‍ നെഞ്ചിലേറ്റുന്നത്. വൈകാരികതയും രതിഭാവനകളും കൊണ്ട് കാഴ്ചയനുഭവം സൃഷ്ടിക്കുന്ന ഈ കൊറിയന്‍ സംവിധായകന് കേരളത്തില്‍ ആയിരക്കണക്കിന് ആരാധകരാണുള്ളത്. ചലച്ചിത്രമേളകളില്‍ കിംകി ഡുക്കിന്റെ സനിമികള്‍ക്ക് വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇത്തവണയും അദ്ദേഹത്തിന്റെ പുതിയ സിനിമയായ മോബിയസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പീഡന രതി പ്രമേയമായി വരുന്ന മോബിയസ് 12 ന് അഞ്ജലി തിയറ്ററില്‍ രാവിലെ 11.30 ന് പ്രദര്‍ശിപ്പിക്കും. സനിമയുടെ പ്രദര്‍ശനത്തിനുശേഷം കിംകി കാണികളുമായി സിനിമകളെക്കുറിച്ച് സംവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിംകി ഡുക് ഇതുവരെ പതിനെട്ട് സിനിമകളാണ് സംവിധാനം ചെയ്തത്. തെക്കന്‍ കൊറിയയില്‍ 1960ല്‍ ജനിച്ച കിമ്മിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളു. കൊറിയയില്‍ വ്യവസായ വിപ്ലവത്തിന്റെ കാലത്ത് ചിത്രകല പഠിക്കാനായി പാരിസിലെത്തിയതാണ് കിംകിമിന്റെ ജീവിതമാകെ മാറ്റി മറിച്ചത്. അവിടെ വച്ചാണ് കിം ആദ്യമായി സിനിമ കണ്ടത്. കൊറിയയില്‍ തിരിച്ചെത്തിയ കിം ഒരു തിരക്കഥയെഴുതി. അത് കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തിനയച്ചു. ആ വര്‍ഷത്തെ മികച്ച തിരക്കഥയായി അത് തെരഞ്ഞെടുത്തു. 1996ല്‍ കിംകി ഡുക് ആദ്യമായി സിനിമ സംവിധാനം ചെയ്തു. ക്രൊക്കഡൈല്‍.