പ്രസവം നോട്ടുകിടക്കയില്‍… അതും കേരളത്തില്‍

single-img
10 December 2013

ratകറന്‍സി നോട്ടുകള്‍ കൊണ്ടുണ്ടാക്കിയ കിടക്കയില്‍ കിടന്ന ചിലര്‍ പിടിച്ച പുലിവാല് ഈയിടെ രാജ്യം കണ്ടതാണ്. പക്ഷേ നോട്ടുകൊണ്ടുണ്ടാക്കിയ കിടക്കയില്‍ പ്രസവിക്കുക എന്നുള്ളത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യവും. പക്ഷേ സംഭവിച്ചു. വേറെയെങ്ങുമല്ല, നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ.

അടിമാലിയിലെ കളര്‍ഗ്രാഫിക്‌സ് ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ് ഉടമ മധുവിന്റെ മേശക്കുള്ളില്‍നിന്നും ഏതാനും നാളുകളായി രൂപ മോഷണംപോകുന്നത് പതിവായിരുന്നു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ആരാണ് മോഷ്ടാവെന്ന് കണെ്ടത്താനായില്ല. പ്രിന്റിംഗ് പ്രസിലെ ജീവനക്കാരെ വരെ മധു സംശയിച്ചു.

മോഷണം കൂടിയപ്പോള്‍ പണം കളവുപോകുന്ന വിവരം മധു ജീവനക്കാരോട് പറഞ്ഞു. ഇതോടെ ജീവനക്കാരും ജാഗരൂകരായി. പക്ഷേ കാത്തിരുന്നത് മിച്ചം- മോഷണം മുറയ്ക്കു നടന്നു. അങ്ങനെയിരിക്കുന്ന സമയത്താണ് കഴിഞ്ഞദിവസം മധു മേശയുടെ പണം ഇടുന്ന ഡ്രോയ്ക്ക് തൊട്ടടുത്ത ഡ്രോ അവിചാരിതമായി തുറന്നത്. അപ്പോള്‍ കണ്ടു പണം പോയ വഴി. അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ ഉള്‍പ്പെടെ 1800 രൂപ അടുക്കിയുണ്ടാക്കിയ മെത്തയില്‍ ഒരു എലി പ്രസവിച്ചുകിടക്കുന്നു.

മനുഷ്യനേക്കാളും മൂല്യമറിയാവുന്ന ജീവിയാണ് എലിയെന്ന് സഭവം കണ്ടപ്പോള്‍ മധുവിന് മനസ്സിലായി. ഒരു നോട്ടിനും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നഷട്‌പ്പെട്ട പണം തിരികെ കിട്ടിയെന്ന് മാത്രമല്ല വിസ്മയകരമായ ഒരു കാഴ്ചയ്ക്കു കുടി സാക്ഷ്യം വഹിച്ച സന്തോഷത്തിലാണ് മധുവും തൊഴിലാളികളും.