മണ്ടേലയുടെ സംസ്‌കാരം ഡിസംബര്‍ 15 ന്; മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ പങ്കെടുത്തേക്കും

single-img
7 December 2013

ഇന്നലെ അന്തരിച്ച സൗത്ത് അഫ്രിക്കന്‍ മുന്‍ പ്രസിഡന്റും കറുത്ത വര്‍ഗക്കാരുടെ വിമോചന പോരാളിയുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ സൗത്ത് ആഫ്രിക്കയിലെത്തിയേക്കും. ബരാക്ക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് എന്നിവര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും സൗത്ത് ആഫ്രിക്കയിലെത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഒബാമയുടെ ക്ഷണം സ്വീകരിച്ച് ജോര്‍ജ് ബുഷും ഭാര്യ ലോറ ബുഷും പങ്കെടുക്കുന്നുണ്ട്. ബില്‍ ക്ലിന്റണും ഭാര്യ ഹിലരി ക്ലിന്റണും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പ്രസിഡന്റുമാരുടെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്നും എന്നാല്‍ യാത്രാ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡിസംബര്‍ 15നാണ് മണ്ടേലയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്.