ശീതകാല സമ്മേളനത്തിനു തുടക്കം.

single-img
5 December 2013

ന്യൂഡല്‍ഹി : പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കമായി. അന്തരിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ആദ്യദിനം ഇരുസഭകളും പിരിഞ്ഞു. സമ്മേളനത്തില്‍ മുപ്പത്തിയെട്ട്‌ ബില്ലുകള്‍ പാസ്സാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

വനിതസംവരണം തുടങ്ങിയ പ്രധാന ബില്ലുകൽ പാസാക്കാൻ പ്രതിപക്ഷത്തിന്റെ സഹായം തേടുമെന്നു സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.തെലുങ്കാന രൂപീകരണം, ചരക്കു സേവന നികുതി, ലോക്‌പാല്‍ , ഇന്‍ഷുറന്‍സ്‌ നിയമഭേദഗതി തുടങ്ങിയ ബില്ലുകളാണ് പ്രധാനമായും പാസ്സാക്കാന്‍ ശ്രമിക്കുക.വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനുള്ള ബില്ലിന്മേല്‍ സമവായത്തിനു ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി ആര്‍ക്കിടെക്‌റ്റായ യുവതിയെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‌കിയെന്ന ആരോപണം ബി ജെ പിക്കെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറെടുക്കുകയാണ്‌. ഇടതുപക്ഷവും ഈ വിഷയം ഉന്നയിച്ചേക്കും.
തെരഞ്ഞെടുപ്പ്‌ ചൂടിനൊടുവിൽ പാര്‍ലമെന്റില്‍ രാഷ്ര്‌ടീയ ഏറ്റുമുട്ടലിന്‌ തുടക്കം കുറിച്ചേക്കുമെന്നാണ്‌ മറ്റൊരു സൂചന.