ലൈംഗികാരോപണക്കേസില്‍ കൂടുതല്‍ തെളിവുകളുമായി ജൂനിയര്‍ അഭിഭാഷക

single-img
4 December 2013

സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ. ഗാംഗുലിക്കെതിരായ ലൈംഗികാരോപണക്കേസില്‍ കൂടുതല്‍ തെളിവുകളുമായി ജൂനിയര്‍ അഭിഭാഷക രംഗത്ത്. സംഭവം അന്വേഷിക്കുന്ന ജഡ്ജിമാരുടെ മൂന്നംഗ സമിതിക്കു മുന്നിലാണ് അഭിഭാഷക കൂടുതല്‍ തെളിവുകള്‍ വെളിപ്പെടുത്തിയത്. തന്റെ ആരോപണം തെളിയിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്‌ടെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാള്‍ ക്ലബും തമ്മില്‍ നടന്ന ഐ ലീഗ് ഫുട്ബാള്‍ മത്സരത്തിനിടെ നടന്ന അക്രമം അന്വേഷിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ നിയോഗിച്ച ഏകാംഗ അന്വേഷണക്കമ്മീഷന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസി ഗാംഗുലി. ഈ കമ്മീഷനില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കാന്‍ ഗാംഗുലി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി മധ്യ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് തന്നെ വിളിച്ചു വരുത്തിയെന്ന് അഭിഭാഷക പറയുന്നു.

ഫുട്ബാള്‍ ഫെഡറേഷന്റെ അധികൃതര്‍ ഹോട്ടല്‍ റൂമില്‍ നിന്നു പോയതിനു ശേഷം തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അന്വേഷണക്കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി ഓടിയ തന്റെ പുറകേ ജഡ്ജി ഓടിയെത്തുകയും മോശമായി പെരുമാറിയതിന് മാപ്പു ചോദിക്കുകയും ചെയ്‌തെന്നും യുവതി പറയുന്നു.