ടി.പി വധക്കേസിലെ പ്രതികളെ ജയില്‍മാറ്റാന്‍ കോടതിയുടെ അനുമതി തേടുമെന്ന് ആഭ്യന്തരമന്ത്രി

single-img
3 December 2013

മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ടി.പി. വധക്കേസിലെ കൊടിസുനി അടക്കമുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റാന്‍ കോടതിയുടെ അനുമതി തേടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികളുടെ പ്രവര്‍ത്തി വിവാദമായ പശ്ചാത്തലത്തില്‍ ജയിലിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇവര്‍ വിചാരണത്തടവുകാരായതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ഇവരെ ജയില്‍ മാറ്റാന്‍ സാധിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു. ജയിലിനുള്ളില്‍ തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി മനസിലായെന്ന് പറഞ്ഞ മന്ത്രി ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

ജയില്‍ പരിസരത്തുള്ള മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. മൊബൈലിന്റെ ഉപയോഗം തടയുന്ന സെന്‍സറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ജയിലില്‍ കണ്ട വീഴ്ചകളില്‍ ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതിനു ശേഷവും ജയിലില്‍ പരിശോധന വൈകിയെന്ന ആരോപണം ആഭ്യന്തരമന്ത്രി നിഷേധിച്ചു. സംഭവത്തില്‍ ജയില്‍ വകുപ്പിന് വീഴ്ചയുണ്ടായെന്ന കാര്യവും തുറന്നു സമ്മതിക്കാന്‍ മന്ത്രി തയാറായില്ല. ഇന്റലിജന്‍സ് എഡിജിപി ടി.പി സെന്‍കുമാറും ഉത്തരമേഖലാ എഡിജിപിയും ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.