റേപ്പും കൊലപാതകവും സിനിമയില്‍ പറ്റില്ലെന്നു വരുമോ?; ഇന്നസെന്റ്

single-img
3 December 2013

സിനിമ ഷൂട്ടിംഗിനിടയില്‍ താരങ്ങള്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശത്തിനെതിരെ നടന്‍ ഇന്നസെന്റ്.

സിനിമാ ഷൂട്ടിംഗിനിടയില്‍ ബൈക്ക് ഓടിക്കുന്ന നടന്‍ ഹെല്‍മറ്റ് ധരിക്കണമെന്നും വില്ലനെ പിന്‍തുടരുന്ന നായകന്‍ സീറ്റ് ബെല്‍റ്റ് ഇടണമെന്നും പറയുന്നതില്‍ അല്‍പം അപ്രായോഗികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു ദാഹരണവും വിവരിച്ചു. സിനിമയില്‍ ഒരാള്‍ എന്റെ അഛനെ അടിച്ചതിനു ശേഷം ഓടിപ്പോകുന്നു.എനിക്കവനെ പിടിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ വേണം. അവിടിരിക്കുന്ന മോട്ടോര്‍ സൈക്കിളെടുത്ത് ഉടനെ ഞാനയാളെ പിടിക്കാന്‍ ശ്രമിക്കണോ അതോ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പോലീസ് പിടിക്കുമെന്ന് പറഞ്ഞ് ഹെല്‍മറ്റ് തപ്പി നടക്കണോ?

ഋഷിരാജ് സിംഗ് കേരളം കണ്ട മികച്ച ഉദ്യോഗസ്ഥരിലൊരാളാണ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് അദ്ദേഹം സ്വീകരിച്ചിട്ടുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണ്. നേരത്തെ വ്യാജസീഡികള്‍ പിടിച്ചെടുത്ത് സിനിമാ വ്യവസായത്തേയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇവിടെ വേറേയും ഉദ്യോഗസ്ഥരുണ്ടായിരുന്നല്ലോ. അവര്‍ക്ക് ചെയ്യാന്‍ കഴിയാഞ്ഞ കാര്യമല്ലേ. അതുകൊണ്ട് അദ്ദേഹം പറയുന്ന നിയമത്തിന്റെ വശങ്ങള്‍ എല്ലാവരും ഉള്‍ക്കൊള്ളണം. തെറ്റായിട്ടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.

സിനിമയില്‍ കാണുന്നതൊന്നും യാഥാര്‍ഥ്യമല്ലെന്ന ബോധം എല്ലാ പ്രേക്ഷകര്‍ക്കുമുണ്ട്. ഇത്തരത്തില്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ കൊലപാതകം, തോക്കെടുത്ത് വെടിവയ്ക്കല്‍, റേപ്പ് ഇതൊന്നും സിനിമയില്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്നും നിര്‍മാതാക്കളുടെ സംഘടനകളുമായി ആലോചിച്ച് ഋഷിരാജ്‌സിംഗുമായി ഒരു ചര്‍ച്ച ഉടനെ നടത്തുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി.