ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖജീവിതം; ആഭ്യന്തരവകുപ്പ് മുള്‍മുനയില്‍

single-img
2 December 2013

സംസ്ഥാന ആഭ്യന്തര വകുപ്പിനെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികളുടെ ജയില്‍ ചിത്രങ്ങള്‍ പുറത്തുവന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മൊബൈല്‍ ഫോണിലും ഫെയ്‌സ്ബുക്കിലും പ്രതികള്‍ സജീവമാണെന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. ജയിലില്‍ ടി.പി വധക്കേസ് പ്രതികള്‍ക്ക് സുഖജീവിതം നല്‍കുന്നതിനെതിരെ ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് വിമര്‍ശനമുണ്ടായിരിക്കുന്ന അവസരത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്.

കേസിലെ മുഖ്യപ്രതികളായ കൊടിസുനി, കിര്‍മാണി മനോജ്, എം.സി. അനൂപ്, സിജിത്ത്, ഷാഫി, സിനോജ്, രജിത്ത് എന്നിവരെല്ലാം ടീഷര്‍ട്ടും ബര്‍മൂഡയും കൂളിംഗ് ഗ്ലാസുമെല്ലാം ധരിച്ച് ജയിലില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജയിലിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രതികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങളില്‍ പ്രതികളുടെ കൈവശം മുന്തിയയിനം മൊബൈല്‍ ഫോണുകളും കാണാം. ജയിലില്‍ പ്രതികള്‍ക്ക് രാജകീയ ജീവിതമാണെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ ആഭ്യന്തര വകുപ്പിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തലവേദനയായിരിക്കുകയാണ്.