മംഗൾയാൻ ഭൂമിയോട് യാത്ര പറഞ്ഞു

single-img
1 December 2013

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്ര തുടങ്ങി.ഞായറാഴ്ച പുലര്‍ച്ചെ 12.49-ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്.ശ്രീഹരിക്കോട്ടയില്‍ നിന്നും നവംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇനി ഉപഗ്രഹത്തിന് ചൊവ്വയ്ക്ക് അടുത്തെത്താന്‍ 750 മില്യണ്‍ കിലോമീറ്റര്‍ യാത്ര ചെയ്യണം. 300 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്.

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്നു മോചിപ്പിച്ചയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച ഐ.എസ്.ആര്‍.ഒ. ചെയ്തത്. 23 മിനിറ്റ് നേരം ദ്രവ ഇന്ധനം കത്തിച്ച് എഞ്ചിൻ പ്രവർത്തിച്ചാണു മംഗള്‍യാനെ സൗരഭ്രമണപഥത്തിലെത്തിച്ചത്.

സൗരഭ്രമണപഥത്തിൽ എത്തിയതിനെത്തുടർന്ന് ഭൂമിയിലുള്ള മംഗള്യാന്റെ കറക്കം മതിയാക്കി ഇനി മുതൽ സൂര്യനെയാവും മംഗള്യാൻ ചുറ്റുക.ചൊവ്വയും സൂര്യനെയാണു ചുറ്റുന്നത്.മംഗള്യാനും ചൊവ്വയും അടുത്തെത്തുന്ന സമയം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്യാനെ കുരുക്കി ഇടണം.ഇതിനും ദ്രവ എഞ്ചിൻ പ്രവർത്തിപ്പിക്കണം..ഇത് അത്യന്തം വിഷമകരമായ പ്രവർത്തി കൂടിയാണു

ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയായാൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയരും.ചൊവ്വാദൗത്യത്തിനു 450 കോടിയോളം രൂപയാണു ചെലവ്. അമേരിക്കയുടെ ചൊവ്വാ ദൗത്യം മാവെന് 4180 കോടി രൂപയാണു ചെലവായത്. ലോകത്ത് ഒരൊറ്റ രാജ്യവും ഇതുവരെ ആദ്യ ദൗത്യത്തില്‍ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലെത്തിച്ചിട്ടില്ല.ആ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കുകയണു ഇന്ത്യയ്ക്കുള്ളത്