ക്വാറി ഭൂമി തട്ടിപ്പ് കേസ്: നൗഷാദിന് മുൻകൂർ ജാമ്യമില്ല

single-img
30 November 2013

മുന്‍ മന്ത്രി എളമരം കരീം ഇടനിലക്കാരനായെന്ന് ആരോപണമുള്ള മുക്കം ക്വാറി ഭൂമി തട്ടിപ്പ് കേസിലെ പ്രതി ടി.പി. നൗഷാദിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മുക്കം, ബാലുശേരി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത നാലുകേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നൗഷാദ് സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് തള്ളിയത്.നൗഷാദിന്റെ വരുമാനസ്രോതസിനെക്കുറിച്ച്‌ ആദായനികുതി വകുപ്പ്‌ അന്വേഷണമാരംഭിച്ചു.

കോഴിക്കോട്‌ ജില്ലയിലെ കൊടിയത്തൂര്‍, മുക്കം, കാരശേരി, ബാലുശേരി, കാക്കൂര്‍, കൂരാച്ചുണ്ട്‌ ഗ്രാമപഞ്ചായത്തുകളിലാണ്‌ നൗഷാദ്‌ ഭൂമി സ്വന്തമാക്കിയത്‌. ഈ ഭൂമികളില്‍ മിക്കതും ഓഹരിവ്യവസ്‌ഥയില്‍ ക്രഷര്‍ യൂണിറ്റ്‌ ബിസിനസ്‌ തുടങ്ങാനെന്ന പേരിലാണ്‌ ഇയാള്‍ സ്വന്തമാക്കിയത്‌. മറ്റു ചിലരുടെ ഭൂമിക്കു ലക്ഷങ്ങള്‍ അഡ്വാന്‍സ്‌ നല്‍കിയെങ്കിലും ബാക്കി തുക കൊടുത്തില്ല. തുടര്‍ന്ന്‌ വിവിധ രീതിയില്‍ ഈ ഭൂമിയും നൗഷാദ്‌ സ്വന്തമാക്കി. എന്നാല്‍ ഇത്രയും പണം മുടക്കാനുള്ള സാമ്പത്തികശേഷി ഇയാള്‍ക്കില്ലെന്നാണ്‌ ആരോപണം.

നാലുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ രേഖ നിര്‍മാണം ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ കിട്ടേണ്ടതുണ്ടെന്ന സര്‍ക്കാറിന്‍െറ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യഹരജി തള്ളിയത്