കര്‍ണാടകയില്‍ ബസിനു തീപിടിച്ച് ഏഴു മരണം

single-img
14 November 2013

Map-of-Karnatakaബാംഗളൂരില്‍നിന്നു മുംബൈയിലേക്കു പോയ സ്വകാര്യ വോള്‍വോ ബസ് റോഡിലെ മീഡിയനില്‍ ഇടിച്ച് തീപിടിച്ച് ഏഴുപേര്‍ മരിച്ചു. നാല്പതുപേര്‍ക്കു പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 2.30 ന് പൂന- ബാംഗളൂര്‍ ദേശീയപാതയിലെ കുനിമേലി പാലത്തില്‍ വച്ചായിരുന്നു അപകടം. ബസിന്റെ ചില്ലുകള്‍ തകര്‍ത്തും എമര്‍ജന്‍സി വാതിലൂടെയുമാണു യാത്രക്കാര്‍ രക്ഷപ്പെട്ടത്. സ്വകാര്യ ബസ് ഓപ്പറേറ്റിംഗ് ഏജന്‍സിയായ നാഷണല്‍ ട്രാവല്‍സിന്റേതാണ് അപകടത്തില്‍പ്പെട്ട ബസ്. അപകടം നടന്നയുടനെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി ഹവേരി എസ്പി ശശികുമാര്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റിന്റെ സഹായത്തോടെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂയെന്ന് എസ്പി പറഞ്ഞു. അമിതവേഗത്തിലായിരുന്ന ബസ്. പാലത്തിലെ മീഡിയനിലിടിച്ചതോടെ ഡീസല്‍ ടാങ്ക് ചോര്‍ന്നു തീപിടിച്ചതാണ് അപകടത്തിനു കാരണമെന്നു രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെയും ക്ലീനറെയും ഹൂബ്ലിയിലെ ആശുപത്രിയിലും നിസാരമായി പരിക്കേറ്റ യാത്രക്കാരെ ഹവേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 28 യാത്രക്കാര്‍ മുംബൈ സ്വദേശികളാണെന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.