നെടുമ്പാശേരി സ്വര്‍ണക്കടത്ത്: ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
8 November 2013

Fayazനെടുമ്പാശേരി വഴി സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായ ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്റെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള സിബിഐ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതിയുടെ നടപടി. കസ്റ്റംസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതൃത്വവുമായും ഫയാസിന് ബന്ധങ്ങള്‍ ഉണ്‌ടെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കുകയാണെന്നുമായിരുന്നു സിബിഐ കോടതിയെ അറിയിച്ചിരുന്നത്. നാലു തവണയായി ഫയാസ് 60 കിലോ സ്വര്‍ണം കടത്തിയതായും രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലും ബാധിക്കുന്ന സംഭവമാണിതെന്നും സിബിഐ വാദിച്ചു. കഴിഞ്ഞ ആഴ്ച കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫയാസിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.