രാജ്യാന്തര ഗവേഷണ സിമ്പോസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

single-img
5 November 2013
 ചികില്‍സാ രംഗത്തെ ഗവേഷണങ്ങളില്‍ നൈട്രിക് ഓക്‌സൈഡ് ബയോളജിയിലെ പുതിയ വികാസങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ അഞ്ച്, ആറ് തിയതികളില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സിംപോസിയം സംഘടിപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസിന്റെ സഹകരണത്തോടെ ആര്‍ജിസിബി നടത്തുന്ന സിംപോസിയത്തില്‍ നൈട്രിക് ഓക്‌സൈഡ് ഗവേഷണങ്ങളില്‍ രാജ്യാന്തരതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സിംപോസിയം ആര്‍ജിസിബിയിലെ എം ആര്‍ ദാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 1998ല്‍ ഫിസിയോളജിയില്‍ നൊബേല്‍ സമ്മാനം നേടിയ പ്രൊഫ. ഫെരിദ് മുറാദ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍. രാജശേഖരന്‍ പിള്ള അധ്യക്ഷത വഹിക്കും. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള സ്വാഗതവും ഡീന്‍ ഡോ. സതീഷ് മുണ്ടയൂര്‍ നന്ദിയും പറയും.
യു.എസ്സിലെ ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍ മോളിക്യുലാര്‍ ബയോളജി പ്രൊഫസറായ ഫെരീദ് മുറാദ് ചൊവ്വാഴ്ച 5.30ന് പരിപാടിയില്‍ സംസാരിക്കും. കാര്‍ഡിയോ വാസ്‌കുലാര്‍ സംവിധാനത്തില്‍ നൈട്രിക് ഓക്‌സൈഡ് വഹിക്കുന്ന ശ്രദ്ധേയമായ പങ്കിനെപ്പറ്റിയുള്ള കണ്ടെത്തലിനാണ് പ്രൊഫ. മുറാദ് നൊബേല്‍ സമ്മാനം പങ്കിട്ടത്.
നൈട്രിക് ഓക്‌സൈഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ 1980കളില്‍ മാത്രമാണ് ആരംഭിച്ചതെങ്കിലും ഈ മേഖലയില്‍ ശാസ്ത്രസമൂഹം നടത്തിയ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ ഭാവിയിലെ ചികില്‍സാ, മരുന്നു രംഗങ്ങളിലേക്ക് വലിയ സംഭാവനകളാണ് നല്‍കുന്നതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള പറഞ്ഞു. ഈ ഗവേഷണങ്ങളെ വിശകലനം ചെയ്ത് ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും ഭാവി ഗവേഷണങ്ങള്‍ക്കുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുകയുമാണ് സിംപോസിയത്തിന്റെ ലക്ഷ്യം. ഗവേഷകര്‍ക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാനും കൂടുതല്‍ അറിവു നേടാനുമുള്ള നല്ലൊരവസരമായിരിക്കുമിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യദിവസം സ്വീഡന്‍ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ജോന്‍ ലുന്‍ഡ്‌ബെര്‍ഗ്, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അമൃത അലൂവാലിയ, അമേരിക്കയിലെ ബത്‌സേദ മെറിലാന്‍ഡ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ഡേവിഡ് എ വിങ്ക്, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. വാസിലി എ. യാക്കോവ്‌ലേവ്, ഇറ്റലി വെറോണ സര്‍വ്വകലാശാലയിലെ പ്രൊഫ. മാസിമോ ഡെല്ലേഡണ്‍, കെന്റക്കി സര്‍വ്വകലാശാലയിലെ പ്രൊഫ. പ്രദീപ് കച്‌റൂ എന്നിവര്‍ സംസാരിക്കും.
രണ്ടാം ദിവസം മെറിലാന്‍ഡ് ബാള്‍ട്ടിമോര്‍ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലെ പ്രൊഫ. ആര്‍തര്‍ എല്‍. ബര്‍ണറ്റ്,  വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഫെറിക് സി ഫാംഗ്, ചെന്നൈ എയു-കെബിസി റിസര്‍ച്ച് സെന്ററിലെ ഡോ. സര്‍വ്വോ ചാറ്റര്‍ജി, ന്യൂഡല്‍ഹി എന്‍ഐഐയിലെ ഡോ. അന്നാ ജോര്‍ജ്, ബംഗളൂരു ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. ടി. രാമശര്‍മ എന്നിവരും സംസാരിക്കും. സിംപോസിയത്തിന്റെ രണ്ടു ദിവസങ്ങളിലും നടക്കുന്ന പോസ്റ്റര്‍ അവതരണങ്ങളില്‍ മികച്ചവയ്ക്കുള്ള സമ്മാനങ്ങള്‍ ബുധനാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ നല്‍കും.