മാനസമൈന പറന്നകന്നു

single-img
23 October 2013

Manna-Dey8ചെമ്മീനിലെ മാനസമൈനേ വരു എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ വിഖ്യാത ഗായകന്‍ പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാഡേ(94) അന്തരിച്ചു. ബാംഗളൂരിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 3.15-നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഏറെ നാളായി ബാംഗളൂരിലെ കാരുണ്യ ഹൃദയാലയത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.45-ന് ഹെബ്ബാളില്‍ നടക്കും.

1942-ലാണ് മന്നാഡെ തന്റെ സംഗീതജീവിതം ആരംഭിക്കുന്നത്. തമന്ന എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യമായി ഗാനമാലപിച്ചത്. രാംരാജ്യ, ജ്വാര്‍ ഭാട്ട, കവിത, മഹാകവി കാളിദാസ് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലചിത്രങ്ങള്‍. ഹിന്ദിയിലും ബംഗാളിയിലും മറ്റ് പ്രാദേശികഭാഷകളിലുമായി 4,000-ത്തോളം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. നാനാപഡേക്കറിന്റെ പ്രഹര്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. നെല്ല് എന്ന മലയാളചിത്രത്തിലും അദ്ദേഹം പാടിയിട്ടുണ്ട്.

1971-ല്‍ പദ്മശ്രീയും 2005-ല്‍ പത്മഭൂഷണും, 2007-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. രവീന്ദ്ര ഭാരതി യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡി-ലിറ്റ് നല്കി ആദരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ സുലോചനയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇവര്‍ ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ മൂലം മരിച്ചിരുന്നു. ഷുരോമ, സുമിത എന്നിവരാണ് മക്കള്‍.