അതിര്‍ത്തിപോസ്റ്റുകളില്‍ പാക് സൈന്യത്തിന്റെ വ്യാപക വെടിവെയ്പ്; കേന്ദ്രം ഇടപെടണമെന്ന് ഒമര്‍

single-img
19 October 2013

Kashmir-mapകാഷ്മീരിലെ അതിര്‍ത്തി പോസ്റ്റുകളില്‍ പാക് സൈന്യത്തിന്റെ വ്യാപക വെടിവെയ്പ്. അതിര്‍ത്തിയിലെ ഇരുപത്തിയഞ്ചോളം സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് രൂക്ഷമായ വെടിവെയ്പാണ് പാക് സൈന്യം വെള്ളിയാഴ്ച രാത്രി നടത്തിയത്. വെള്ളിയാഴ്ച പകല്‍ സാംബ, ജമ്മു ജില്ലകളിലെ സൈനിക പോസ്റ്റുകളില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയിലും വ്യാപകമായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമവും ഉണ്ടായതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ശക്തമായ ചെറുത്തുനില്‍പിലൂടെ നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കിയതായും പാക് വെടിവെയ്പിനെതിരേ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചതായും സൈന്യം വ്യക്തമാക്കി. കാത്വവ, സാംബ, ഹിരാ നഗര്‍, ആര്‍എസ് പുര, പര്‍ഗവാള്‍ തുടങ്ങിയ അതിര്‍ത്തി മേഖലകളിലെ പോസ്റ്റുകളിലേക്കാണ് പാക് വെടിവെയ്പുണ്ടായത്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ 150 ഓളം തവണയാണ് അതിര്‍ത്തിയില്‍ പാക് സൈന്യം കരാര്‍ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് വെടിയുതിര്‍ത്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.