ഫൈലിന്‍ ചുഴലിക്കാറ്റ്: മൂന്നു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു

single-img
12 October 2013

odisha-elevationബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് സംഹാരരൂപം കൈക്കൊള്ളുന്നു. ആന്ധ്രയിലും ഒഡീഷയിലുമായി മൂന്നു ലക്ഷത്തിലേറെപ്പേരെ തീരമേഖലകളില്‍നിന്ന് ഒഴിപ്പിച്ചു. പത്തടിയിലേറെ ഉയരത്തില്‍ തിരമാലകള്‍ കരയില്‍ അടിച്ചുകയറുമെന്നാണു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്. ദേശീയദുരിത നിവാരണസേന ഒഡീഷയിലും വടക്കന്‍ ആന്ധ്രപ്രദേശിലും എ ത്തി. നാവിക-വ്യോമസേനകളോടു ജാഗ്രതപാലിക്കാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍ദേശിച്ചിട്ടുണ്ട്. 2005 ല്‍ യുഎസില്‍ നാശംവിതച്ച കത്രീന കൊടുങ്കാറ്റിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ ഫൈലിന്‍ വരുത്തിവയ്ക്കുമെന്ന ആശങ്കയ്ക്കിടെ ആന്ധ്ര, ഒഡീസ തീരങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ പാരദ്വീപിനും മധ്യേ ഇന്ന് അര്‍ധരാത്രിയോടെ കാറ്റ് പ്രവേശിക്കുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വരെ വേഗമുണ്ടാകാമെന്നാണ് അനുമാനം. എന്നാല്‍, ഫൈലിന്റെ വേഗം മണിക്കൂറില്‍ 315 കിലോമീറ്റര്‍വരെയാകാമെന്നു ലണ്ടന്‍ കേന്ദ്രമായുള്ള ട്രോപ്പിക് സ്റ്റോം, കൊടുങ്കാറ്റുകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്ന യുഎസ് നാവികസേനയുടെ കേന്ദ്രം എന്നിവ കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റുകളെ ഉള്‍പ്പെടുത്തുന്ന അഞ്ചാം കാറ്റഗറിയിലായിരിക്കും ഫൈലിനെ ഉള്‍പ്പെടുത്തുക.