ബാലകൃഷ്ണപിള്ളയ്ക്ക് 14.44 ലക്ഷത്തിന്റെ ഇന്നോവ കാര്‍

single-img
11 October 2013

06-balakrishna-pillaiമുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായ ആര്‍. ബാലകൃഷ്ണപിള്ളയുടെ പരാതിക്ക് പരിഹാരമായി. ക്യാബിനറ്റ് റാങ്കുളള പദവിയായിട്ടും തനിക്ക് കാര്‍ ഉള്‍പ്പെടെയുള്ള യാതൊരു സൗകര്യങ്ങളും അനുവദിച്ചിട്ടില്ലെന്ന് പിള്ള കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായി പരാതി പറഞ്ഞിരുന്നു. പിള്ളയ്ക്കായി 14,44,585 രൂപയുടെ ഇന്നോവ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിക്കഴിഞ്ഞു. പിള്ളയെ ഈ പദവിയില്‍ നിയമിച്ച ശേഷം അദ്ദേഹത്തിന് കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോര്‍പ്പറേഷന്റെ പണമെടുത്ത് കാര്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെ എതിര്‍ത്ത പിള്ള ടൂറിസം വകുപ്പ് തന്നെ കാര്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കാര്‍ വാങ്ങി നല്‍കാന്‍ ഉത്തരവിട്ടത്. കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടി ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ കാറില്ലാത്തതിനാല്‍ താന്‍ സ്വന്തം പണം കൊണ്ടു വാങ്ങിയ കാറാണ് ഉപയോഗിക്കുന്നതെന്നും തനിക്ക് അനുവദിച്ച മുറിയുടെ മുന്നില്‍ ബോര്‍ഡ് വെച്ചതുപോലും സ്വന്തം കാശുകൊണ്ടാണെന്നും പിള്ള കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എം മാണി പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക നടപടികളില്‍ പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നത് വിലക്കിയതായി വ്യക്തമാക്കിയിരുന്നു.