സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു കോടതി

single-img
11 October 2013

oommen chandyസോളാര്‍ കേസിലെ പ്രതി സരിത നായരുമായി ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെടുന്നതിനു കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരെ മുഖ്യമന്ത്രി പ്രേരിപ്പിച്ചതിനു തെളിവില്ലെന്നു ഹൈക്കോടതി.സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണെ്ടന്നതിനു തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടു ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണു ജസ്റ്റീസ് ഹാറുണ്‍ അല്‍ റഷീദിന്റെ ഉത്തരവ്. സോളാര്‍ ടീമിനെപ്പറ്റി മുഖ്യമന്ത്രി സംസാരിച്ചെങ്കില്‍ത്തന്നെ വിശ്വാസവഞ്ചനക്കുറ്റം ആരോപിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണസംഘത്തിനു കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയിലും ക്രിമിനല്‍ നടപടിക്രമത്തിലെ 164-ാം വകുപ്പുപ്രകാരം പത്തനംതിട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കിയ രഹസ്യമൊഴിയിലും വൈരുധ്യമുണെ്ടന്നു കോടതി ചൂണ്ടിക്കാട്ടി. ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയിലെയും കേസിലെയും വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ 2012 ജൂണ്‍ 22നു മുമ്പാണു മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയോടൊപ്പം പരാതിക്കാരന്‍ മുഖ്യമന്ത്രിയെ കണ്ടതെന്നു മനസിലാക്കാം. ഏതു ദിവസമാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നു പരാതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍, മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയ മൊഴിയില്‍ ജൂലൈ ഒന്‍പതിനു വൈകുന്നേരം എട്ടിനാണു മുഖ്യമന്ത്രിയെ കണ്ടതെന്നാണു പറയുന്നത്. ഒരിക്കല്‍ മാത്രമാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നു പരാതിക്കാരന്‍ തന്നെ പറയുന്നു.

ടീം സോളാര്‍ കമ്പനിയുടെ ദക്ഷിണ മേഖലാമേധാവി എന്ന വകാശപ്പെട്ട സരിതയുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം പാലക്കാട് സൗരോര്‍ജ പദ്ധതിക്കായി ജൂണ്‍ 25ന് ചെക്കു നല്‍കിയതായി ശ്രീധരന്‍ നായരുടെ പരാതിയില്‍ കാണാം.

ചര്‍ച്ചകള്‍ക്കുശേഷം കരാര്‍ ഉറപ്പിക്കുകയും ചെക്കു കൈമാറുകയും ചെയ്തതിനുശേഷം ജൂലൈ ഒന്‍പതിന് വൈകുന്നേരം എട്ടിനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുഖ്യമന്ത്രി ബിസിനസ് പങ്കാളിത്തത്തിനു പ്രേരിപ്പിച്ചു എന്ന വാദത്തിന് അടിസ്ഥാനമില്ല. ഹര്‍ജിക്കാരനായ ജോയി കൈതാരം നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നതു സോളാര്‍ ടീമിനെപ്പറ്റി ശ്രീധരന്‍നായര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും ബിസിനസില്‍ ഏര്‍പ്പെടുന്നതിനു പ്രേരണ നല്‍കിയെന്നുമാണ്. എന്നാല്‍, ടീം സോളാറുമായി ബിസിനസില്‍ ഏര്‍പ്പെടുന്നതിനു ശ്രീധരന്‍ നായരെ മുഖ്യമന്ത്രി പ്രേരിപ്പിച്ചതിനു യാതൊരു തെളിവും കൊണ്ടുവരാനായിട്ടില്ല. മാത്രമല്ല, ടീം സോളാറിനൊപ്പം ബിസിനസ് നടത്തുന്നതിന് മുഖ്യമന്ത്രി പ്രേരിപ്പിച്ചെന്നു കരുതിയാല്‍ തന്നെ ഇത് ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരമുള്ള വിശ്വാസവഞ്ചനയാണെന്നു പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.