നൊബേല്‍ ജേതാവ് പ്രൊഫ. ഫെരിദ് മുറാദ് കേരളത്തിലെത്തുന്നു

single-img
10 October 2013

അത്ഭുതകണ’ത്തിന്റെ കണ്ടെത്തലിലൂടെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട പ്രൊഫ. ഫെരിദ് മുറാദ് അടുത്തമാസം കേരളത്തിലെത്തുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസും ചേര്‍ന്നു സംഘടിപ്പിക്കുന്ന രാജ്യാന്തര സിമ്പോസിയത്തില്‍ പങ്കെടുക്കാനാണ് പ്രൊഫ. മുറാദ് എത്തുന്നത്.
‘അത്ഭുതകണ’മെന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്‌സൈഡിന്റെ ജൈവശാസ്ത്രപരമായ സവിശേഷതകള്‍ ഡിസീസ് ബയോളജിയില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി നവംബര്‍ അഞ്ച്, ആറ് തിയതികളില്‍ ആര്‍ജിസിബിയിലാണ് സിമ്പോസിയം നടക്കുക. 1980കള്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണങ്ങളേയും അതിന്റെ ഫലങ്ങളേയും വിശകലനം ചെയ്യുകയാണ് സിമ്പോസിയത്തിന്റെ ലക്ഷ്യം. വായുമലിനീകാരിയായി കരുതപ്പെട്ടിരുന്ന നൈട്രിക് ഓക്‌സൈഡ് അനവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ജൈവികപങ്കാളിയാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ ഗവേഷണങ്ങള്‍ക്കു തുടക്കമായത്.
നൈട്രിക് ഓക്‌സൈഡ് 1992ല്‍ മോളിക്യൂള്‍ ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിക്കപ്പെട്ടു. കോശങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ഇതിനെപ്പറ്റിയുള്ള അറിവ് രോഗങ്ങളുമായി ബന്ധപ്പെട്ട ജൈവശാസ്ത്രത്തില്‍ (ഡിസീസ് ബയോളജി) ശാസ്ത്രീയവും ചികില്‍സാപരവുമായ ഒട്ടേറെ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഹൃദയധമനികളുടെ വികാസത്തിന് കാരണമാകുന്ന തന്മാത്രയാണ് നൈട്രിക് ഓക്‌സൈഡ് എന്ന കണ്ടെത്തലിനാണ് 1998ല്‍ അമേരിക്കക്കാരനായ പ്രൊഫ. മുറാദ് ഫിസിയോളജിയില്‍ നൊബേല്‍ സമ്മാനം പങ്കിട്ടത്. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി വകുപ്പില്‍ പ്രൊഫസറായ അദ്ദേഹം സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. നൈട്രിക് ഓക്‌സൈഡ് ബയോളജിയില്‍ രാജ്യാന്തരപ്രശസ്തരായ വിദഗ്ദ്ധരും ഇന്ത്യയില്‍ നിന്നുള്ള ഗവേഷകരും ശാസ്ത്രജ്ഞരുമെല്ലാം സിമ്പോസിയത്തില്‍ പങ്കെടുക്കും.
വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഫെറിക് സി ഫാംഗ്, അമേരിക്കയിലെ ബത്‌സേദ മെറിലാന്‍ഡ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ഡേവിഡ് എ വിങ്ക്, മെറിലാന്‍ഡ് ബാള്‍ട്ടിമോര്‍ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലെ പ്രൊഫ. ആര്‍തര്‍ എല്‍. ബര്‍ണറ്റ്, സ്വീഡന്‍ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ജോന്‍ ലുന്‍ഡ്‌ബെര്‍ഗ്, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. വാസിലി എ. യാക്കോവ്‌ലേവ്, കെന്റക്കി സര്‍വ്വകലാശാലയിലെ ഡോ. പ്രദീപ് കച്ച്‌റൂ തുടങ്ങിയ പ്രമുഖര്‍ സിമ്പോസിയത്തില്‍ സംസാരിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന ഗവേഷകര്‍ക്ക് ഇവരുമായി ആശയവിനിമയം നടത്താനും അവസരമൊരുക്കിയിട്ടുണ്ട്.
ക്ഷയം, വൈറല്‍ രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങി അനവധി രോഗങ്ങളുടെ ചികില്‍സയില്‍ നൈട്രിക് ഓക്‌സൈഡിനുള്ള പങ്കിനെപ്പറ്റിയുള്ള പ്രഭാഷണങ്ങളും അവതരണങ്ങളും സിമ്പോസിയത്തില്‍ ഉണ്ടാകും. ആര്‍ജിസിബിയും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി നടത്തുന്ന ആദ്യ പരിപാടികൂടിയാണിത്. സിമ്പോസിയത്തില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങള്‍ http://rgcb.res.in/legacyNO2013/ എന്ന ലിങ്കില്‍ ലഭ്യമാണ്.