തെലുങ്കാനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

single-img
3 October 2013

telanganaആന്ധ്രപ്രദേശ് വിഭജിച്ചു തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പത്തു വര്‍ഷത്തേക്കു ഹൈദരാബാദ് നഗരം പുതിയ തെലുങ്കാനയുടെയും ശേഷിച്ച സീമാന്ധ്രയുടെയും സംയുക്ത തലസ്ഥാനമാകുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭാ സമിതിക്കു രൂപം നല്‍കുമെന്നു മന്ത്രി ഷിന്‍ഡെ പറഞ്ഞു. വെള്ളം, വൈദ്യുതി, വരുമാനം എന്നിവ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ പങ്കിടുന്നതിന്റെ വിശദാംശങ്ങള്‍ പ്രത്യേക മന്ത്രിതല സമിതി തയാറാക്കും. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തിയാകും സമിതി തീരുമാനമെടുക്കുക. പുതിയ സംസ്ഥാനത്തിനായുള്ള പ്രത്യേക സാമ്പത്തികസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളും മന്ത്രിസഭാ സമിതിയായിരിക്കും പരിഗണിക്കുക. പുതിയ തലസ്ഥാന നിര്‍മാണം, അവികസിത മേഖലകളുടെ വികസനം തുടങ്ങിയവയ്ക്കുള്ള പദ്ധതികളും ആവിഷ്‌കരിക്കും. കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകരിച്ച പ്രമേയം രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കു കൈമാറും. ആന്ധ്ര നിയമസഭയുടെ അംഗീകാരത്തിനായി രാഷ്ട്രപതിയാണു പ്രമേയം അയയ്ക്കുക. ഇതേസമയം, തെലുങ്കാന സംസ്ഥാന രൂപവത്കരണത്തെ അനുകൂലിച്ച് ആന്ധ്രപ്രദേശ് നിയമസഭ പ്രമേയം പാസാക്കുക ദുഷ്‌കരമാകും. എന്നാല്‍, ഭരണഘടനയനുസരിച്ചു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു പുതിയ സംസ്ഥാന രൂപവത്കരണം നടത്താമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇന്ത്യയിലെ 29-ാമതു സംസ്ഥാനമാകും തെലുങ്കാന.