കേരള കരുത്തില്‍ ഇന്ത്യ എ പൊരുതുന്നു

single-img
3 October 2013

Jagadeeshഇന്ത്യ എ- വെസ്റ്റിന്‍ഡീസ് എ അനൗദ്യോഗിക രണ്ടാം ടെസ്റ്റ് മത്സരം ആവേശകരമായ നിലയില്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എ 406 റണ്‍സ് നേടി എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ്. പുറത്താകാതെ നില്‍ക്കുന്ന മലയാളി താരം വി.എ. ജഗദീഷ് (79) പാതി മലയാളി അഭിഷേക് നായര്‍ (56) എന്നിവരുടെ മികവിലാണ് ഇന്ത്യ മുന്നേറുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം തേടുന്ന വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ബാറ്റിംഗില്‍ പരാജയപ്പെട്ടു.

ആറു വിക്കറ്റിന് 283 എന്ന സ്‌കോറില്‍ രണ്ടാം ദിനം കളി തുടങ്ങിയ വിന്‍ഡീസ് എ ലിയോണ്‍ ജോണ്‍സണ്‍ (91), നികിത മില്ലര്‍ (64 നോട്ടൗട്ട്) എന്നിവരുടെ മികവാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഇന്ത്യ എയ്ക്കുവേണ്ടി ഭാര്‍ഗവ് ഭട്ട് ഏഴു വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്‍, മുഹമദ് ഷാമി, പര്‍വേസ് റസൂല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. ഇന്ത്യക്കുവേണ്ടി ഓപ്പണിംഗിനിറങ്ങിയത് മലയാളി താരം വി.എ. ജഗദീഷും ഗൗതം ഗംഭീറുമായിരുന്നു. സീനിയര്‍ ടീമിലേക്കു മടങ്ങിവരവ് കാത്തിരിക്കുന്ന ഗംഭീര്‍(11) പഴയ ഫോമിന്റെ അരികിലല്ലെന്നു തെളിയിച്ചുകൊണ്ട് ഇന്ത്യന്‍ സ്‌കോര്‍ 44 റണ്‍സിലെത്തിയപ്പോള്‍ പുറത്തായി. പിന്നീട് ജഗദീഷ് നായകന്‍ പൂജാരയുമായി രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ നൂറു കടത്തി. രണ്ടാം വിക്കറ്റില്‍ 60 റണ്‍സാണ് പിറന്നത്. പുജാര(25) പുറത്താക്കി വിന്‍ഡീസ് അപകടകരമായ കൂട്ടുകെട്ട് പൊളിച്ചു. ഇന്ത്യ രണ്ടു വിക്കറ്റിന് 104. അടുത്ത ഊഴം സെവാഗിന്റേതായിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ പത്തു റണ്‍സുകൂടി ചേര്‍ത്തശേഷം സെവാഗ് (7) തിരിച്ചുനടന്നു. ഇതിനുശേഷമാണ് ജഗദീഷിന്റെയും അഭിഷേക് നായരുടെയും ഒത്തുചേരല്‍. അപരാജിതമായി മുന്നേറുന്ന ഈ കൂട്ടുകെട്ട് 77 റണ്‍സ് നേടിയിട്ടുണ്ട്. 79 റണ്‍സ് നേടിയ ജഗദീഷ് എട്ട് ഫോറുകള്‍ പായിച്ചു. ഏകദിനശൈലിയില്‍ ബാറ്റ് വീശുന്ന അഭിഷേക് മുപ്പത്തിയെട്ട് പന്തുകളില്‍നിന്ന് 56 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.