ശാസ്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് വിദ്യാര്‍ഥികളെ നയിച്ച് ‘ശാസ്ത്രസമീക്ഷ’

single-img
1 October 2013
രണ്ടു സഞ്ചികൾ നിറയെ അത്ഭുതങ്ങളുമായാണ് ഡോ. സി.പി.അരവിന്ദാക്ഷന്‍ എത്തിയത്. സഞ്ചിയില്‍ നിന്നു പുറത്തെടുത്ത ഓരോ അത്ഭുതത്തിനും ശാസ്ത്രത്തിന്റെ പിന്‍ബലമുായിരുന്നു. കൂട്ടിയോജിപ്പിച്ച നാലു സ്‌കെയിലുകളെ ചതുരമാക്കിയും ത്രികോണമാക്കിയും വിവിധ അളവുകളിലുള്ള കോണുകളാക്കിയും, അവസാനം വൃത്തവും വര്‍ത്തുളവുമാക്കിയും അദ്ദേഹം ശാസ്ത്രത്തെ വിശദീകരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, അവര്‍ക്കൊപ്പമെത്തിയ ശാസ്ത്രാധ്യാപകരും വിസ്മയിച്ചു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ശാസ്ത്ര സമീക്ഷ’യെന്ന ബോധനപരിപാടിയുടെ തുടക്കമായിരുന്നു അത്. സ്‌കൂളുകളിലെ ശാസ്ത്രപാഠങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കുകയും അവയുടെ അടിസ്ഥാനമെന്തെന്നു സ്വയം മനസ്സിലാക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ശാസ്ത്രസമീക്ഷയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രാഭിരുചിയുള്ള 80 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നത് ശാസ്ത്രവിദ്യാഭ്യാസത്തില്‍ മൗലികമായ മാറ്റത്തിന് തുടക്കമിടുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ എ.ഷാജഹാന്‍ പറഞ്ഞു. ശാസ്ത്രം വെറുതേ പഠിച്ചാല്‍ പോരെന്നും അത് എങ്ങനെ മനുഷ്യനന്മക്കു വിനിയോഗിക്കാമെന്നു ചിന്തിക്കണമെന്നും ശാസ്ത്രത്തിന്റെ പുതിയ മേഖലകള്‍ കെത്തുന്നതും ചര്‍ച്ച ചെയ്യുന്നതും മനുഷ്യസമൂഹത്തിന് ഗുണം ചെയ്യാനായിരിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
കുട്ടികളുടെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരു ശാസ്ത്രീയ സമീപനമുാകണമെന്നും ശാസ്ത്രത്തിന്റെ അത്തരം സാധ്യതകള്‍ കെത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും ചടങ്ങില്‍ സംസാരിച്ച കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.വി.എന്‍.രാജശേഖരന്‍പിള്ള പറഞ്ഞു. ശാസ്ത്രത്തെ പൊതുജനങ്ങളിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള വ്യക്തികളായിരിക്കും ശാസ്ത്രസമീക്ഷയിലൂടെ കുട്ടികളുടെ അടുത്തെത്തുന്നതെന്ന്  അദ്ദേഹം പറഞ്ഞു.
വസ്തുതകള്‍ പഠിപ്പിക്കുന്നവരല്ല മറിച്ച് വസ്തുതകളിലേക്ക് കുട്ടികളെ എത്താന്‍ പഠിപ്പിക്കുന്നവരാണ് നല്ല അധ്യാപകരെന്ന് ‘സയന്‍സ് അറ്റ് ഹോം ആന്‍ഡ് ക്ലാസ്’ എന്ന സെഷന് നേതൃത്വം നല്‍കിയ ഡോ. സി.പിഅരവിന്ദാക്ഷന്‍ ചൂിക്കാട്ടി. കുട്ടികളില്‍ കൗതുകമുണര്‍ത്തുന്നതും എന്നാല്‍ തികച്ചും നിസ്സാരങ്ങളുമായ ശാസ്ത്രസത്യങ്ങള്‍ ഉദാഹരണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും വിശദമാക്കിക്കൊടുത്ത അദ്ദേഹത്തിന്റെ ക്ലാസ് വിദ്യാര്‍ഥികളെ ഏറെ ആകര്‍ഷിച്ചു.
‘ശാസ്ത്രവും ശാസ്ത്രാവബോധവും’ എന്ന വിഷയത്തില്‍ ശ്രീ കെ.കെ.കൃഷ്ണകുമാറും, ‘ശാസ്ത്ര കഥകളുടെ ലോകം’ എന്ന വിഷയത്തില്‍ പ്രൊഫ. സി.ജി.രാമചന്ദ്രന്‍ നായരും ക്ലാസുകളെടുത്തു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മീഡിയ അഡൈ്വസര്‍ ശ്രീ എ.പ്രഭാകരന്‍ സംസാരിച്ചു.