രമേശിനെ മന്ത്രിയാക്കണമെന്ന് സോണിയയോട് ഘടകകക്ഷികള്‍

single-img
29 September 2013

Soniaകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നു യുഡിഎഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നും ചില ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 7.30 മുതല്‍ രാജ്ഭവനില്‍ ഘടകകക്ഷികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. യുഡിഎഫ് സംവിധാനം ശക്തമാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകൂ എന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയ്ക്കു കോണ്‍ഗ്രസിനുള്ളിലെ ഐക്യത്തിന്റെ ആവശ്യകത ഘടകകക്ഷി നേതാക്കള്‍ ഊന്നിപ്പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള നേതാക്കളെ ഒഴിവാക്കിയാണു സോണിയ ഘടകകക്ഷികള്‍ക്കു പറയാനുള്ളതു കേട്ടത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മാത്രമാണു സോണിയയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. യുഡിഎഫിലെ ഇന്നത്തെ പ്രതിസന്ധിക്കു പ്രധാന കാരണം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളാണെന്ന നിലപാടാണു ഘടകകക്ഷികള്‍ കൈക്കൊണ്ടത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന വിവാദമാണ് ഇതിനു പ്രധാന കാരണം. ആ പ്രശ്‌നം പരിഹരിച്ചെങ്കില്‍ മാത്രമേ യുഡിഎഫിനും സര്‍ക്കാരിനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.