Editors Picks

പരമ്പരാഗത വ്യവസായ മേഖലകളിലും നൂതന സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കണം: വ്യവസായ മന്ത്രി

 5കേരളത്തിന്റെ പരമ്പരാഗത വ്യവസായ ഉല്‍പന്ന മേഖലകളെ സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് നവീകരിക്കുകയാണ് ഇനി വേണ്ടതെന്ന് വ്യവസായ ഐടി വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ സംരംഭകത്വദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിച്ച ‘സ്റ്റാര്‍ട്ടപ്പ് ഭിത്തി’ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാതെ പരമ്പരാഗത രീതിയിലുള്ള വ്യവസായശൈലിയുമായി ഇനി മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതിയെ നശിപ്പിക്കാത്ത ന്യൂജനറേഷന്‍ വ്യവസായങ്ങളിലേക്കാണ് കേരളം ഇനി ശ്രദ്ധയൂന്നേണ്ടത്. അതിന് വലിയ സാധ്യതയാണ് ഇപ്പോഴുള്ളത്. കൃഷിയും, കൈത്തറിയും ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വിവരസാങ്കേതിക വിദ്യയും നൂതന സാങ്കേതിക സൗകര്യങ്ങളും ഉപയോഗിച്ചുള്ള നവീകരണമാണ് വേണ്ടത്. ഇപ്പോള്‍ കോളജുകളില്‍ നിന്ന് സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ള സാധ്യത അതാണെന്നും ശ്രീ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പുതിയ സംരംഭങ്ങളും പുതിയ സംരംഭകരുമായി കേരളം ഇപ്പോള്‍ പുത്തന്‍ ഉണര്‍വ്വിന്റെ പാതയിലാണ്. പുറംനാടുകളില്‍ നിന്ന് തൊഴില്‍തേടി കേരളത്തിലേക്ക് ആളുകളെത്തുന്ന സ്ഥിതി വൈകാതെ സംജാതമാകും. എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിനുശേഷം വിദേശത്തുനിന്നുള്ള വ്യവസായികളും ഐടി വിദഗദ്ധരും നിക്ഷേപകരുമെല്ലാം കേരളത്തിലെ സംരംഭകരായ യുവാക്കളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നൂതന സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന എമര്‍ജിംഗ് കേരളയിലെ പ്രഖ്യാപനത്തിനുശേഷം കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിലും മറ്റും ഇന്‍കുബേറ്റ് ചെയ്യാനുള്ള യുവ, വിദ്യാര്‍ഥി സംരംഭകരുടെ അപേക്ഷകളുടെ എണ്ണം പത്തിരട്ടിയായി വര്‍ധിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന ആശയങ്ങളുമായി വരുന്ന കേരളത്തിലെ യുവതലമുറ ലോകം കീഴടക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പരമ്പരാഗത കൈത്തറി രംഗത്തെ പുതുതലമുറയിലെ ഫാഷനുമായി കൂട്ടിയോജിപ്പിച്ച് നെയ്തുമേഖലയ്ക്ക് ഉണര്‍വ്വു പകരുന്ന പദ്ധതിയുമായി രംഗത്തെത്തി സര്‍ക്കാരുമായി കൈകോര്‍ക്കുന്ന ദി പീപ്പിള്‍സ് കമ്പനി എന്ന സംരംഭത്തിലെ അമരക്കാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിഇടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങിയതേ മറ്റ് തൊഴില്‍ വാഗ്ദാനങ്ങള്‍ ഉപേക്ഷിച്ച് ഇത്തരമൊരു സംരംഭവുമായി രംഗത്തിറങ്ങിയതിനെപ്പറ്റി അവര്‍ വിശദീകരിച്ചു. കേരളത്തിന്റെ തനതു വസ്ത്രരീതിയേയും മെട്രോ നഗരങ്ങളില്‍ വ്യാപകമാകുന്ന പുതിയ ഫാഷനുകളേയും സംയോജിപ്പിച്ച് കൈത്തറി വസ്ത്രങ്ങള്‍ക്ക് പുതിയ വിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ഇതിനായി പുതുതലമുറയിലെ ഫാഷന്‍ ഡിസൈനര്‍മാരെ പരമ്പരാഗത നെയ്തുതൊഴിലാളികളുമായി ഏകോപിപ്പിക്കുകയാണ് ഇവര്‍ ചെയ്യുക. ഐ ടി സെക്രട്ടറി ശ്രീ പി എച്ച് കുര്യനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.