സിനിമാ നിരൂപണം; കുഴപ്പമില്ലാത്ത ഡി കമ്പനി

single-img
13 September 2013

D-Company-Malayalam-Film-Posters-01കേരളകഫേ, അഞ്ചുസുന്ദരികള്‍ എന്നീ ചിത്രങ്ങളുടെ ചുവടുപിടിച്ച് ഈ ഓണത്തിനിറങ്ങിയ ചിത്രമാണ് ഡി കമ്പനി. ആദ്യം അഞ്ചു സംവിധായകരുടെ അഞ്ചു ലഘുചിത്രങ്ങള്‍ എന്നുള്ളതാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ മൂന്ന് ലഘുചിത്രങ്ങള്‍ മാത്രമേ ഈ സിനിമയിലുള്ളു. പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരുടെ യഥാക്രമം ഒരു ബൊളീവിയന്‍ ഡയറികുറിപ്പ്, ഗാംങ്ങ് ഓഫ് വടക്കുംനാഥന്‍, ജഡ്ജ്‌മെന്റ് ഡേ എന്നിവയാണ് ആ ചിത്രങ്ങള്‍.

മൂന്ന് ചിത്രങ്ങളും പൊതുവായി ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താമെങ്കിലും അവസവാനത്തെ രണ്ടെണ്ണത്തിനാണ് ആ സ്വഭാവം കൂടുതല്‍ യോജിക്കുക. പേരുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ലെങ്കിലും ഡി കട്‌സ് എന്ന സിനിമാ ബാനര്‍റാണ് ഡി കമ്പനി എന്നതിനുപിന്നിലെന്ന് ഊഹിക്കാം. ഹീറോ പോലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദീപനൊക്കെ (സോറി ദീഫന്‍) കയ്യടക്കത്തോടെ ഒരുസിനിമ ചെയ്തിരിക്കുന്നത് ഇതില്‍ കാണാമെന്നുള്ളതാണ് ഒരാശ്വാസം. പൊതുവേ സാമാന്യം തരക്കേടില്ലാത്ത ചിത്രമെന്ന പേര് ഡി കമ്പനി നേടുമെന്ന് വിശ്വസിക്കാം.

ഒരു ബൊളീവിയന്‍ ഡയറിക്കുറിപ്പ്:
പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രത്തില്‍ ആസിഫ് അലി, സമുദ്രക്കനി, അനന്യ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഈതില്‍ മെച്ചമായിട്ടുള്ള ചിത്രമായി തോന്നിയതും ഇതു തന്നെ. 1995 ല്‍ വയനാടന്‍ ആദിവാസി ഊരുകളിലുണ്ടായ മാവോയിസ്റ്റ് മുന്നേറ്റവും അതിശനതുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിനാധാരം. പത്മകുമാറിന്റെ തന്നെ ശിക്കാരിയുടെ മറ്റൊരു പതിപ്പെന്നു വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സമുദ്രക്കനി തന്റെ സ്ഥിരം നക്‌സല്‍ വേഷം ചെയ്തിരിക്കുന്നു. പോലീസ് ഓഫീസര്‍ നൃപന്‍ ചക്രവര്‍ത്തി (നരന്‍- തമിഴ്)യുടെ പോലീസ് ജീവിതം ഏതെല്ലാം തരത്തില്‍ മാവോയിസ്റ്റിന്റെ പേര് പറഞ്ഞ് ആദിവാസികളെ ദ്രോഹിച്ചിരിക്കുന്നു എന്നുള്ളത് ഒരു പത്രപ്രവര്‍ത്തക (അനന്യ) യിലുടെ പ്രേക്ഷകരോട് വെളിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

എല്ലായ്‌പ്പോഴും ഓവറാക്കുന്ന ആസിഫ് അലി തന്റെ വേഷം ഭംഗിയാക്കി എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. സമുദ്രക്കനിയും നരേനും ചിത്രത്തില്‍ മികച്ചു നില്‍ക്കുന്നു. എത്രയൊക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും വിശക്കുന്നവന്റെ ശബ്ദം ഉയര്‍ന്നുവരുമെന്നു പറയുന്ന ചിത്രത്തിന് കാടിന്റെ പശ്ചാത്തലവും പശ്ചാത്തല സംഗീതവും ഒരിരുണ്ട ഭീതി സമ്മാനിക്കുന്നുണ്ട്.

ഗാങ്ങ് ഓഫ് വടക്കുംനാഥന്‍:
ബംഗളൂരില്‍ കൊല്ലപ്പെടുന്ന മദ്യരാജാവ് അജയ് മല്ല്യയുടെ ഘാതകരെയും കാണാതായ 750 കോടി രൂപയും അന്വേഷിച്ച് ഇന്റലിജന്‍സ് ഓഫീസര്‍ (അനൂപ് മേനോന്‍) തൃശൂര്‍ കേന്ദ്രമാക്കി അന്വേഷണം നടത്തുന്നതാണ് ഗാങ്ങ് ഓഫ് വടക്കും നാഥന്റെ പ്രമേയം. തൃശൂര്‍ നഗരത്തിലെ ഗുണ്ടകളായി ജയസൂര്യയും ദീപക് പറമ്പോലും (തട്ടത്തിന്‍മറയത്ത്) അഭിനയിക്കുമ്പോള്‍ അനൂപ് മേനോനെ പോലീസ് ഓഫീസര്‍മാരായി ഉണ്ണി മുകുന്ദനും ഇര്‍ഷാദും അഭിനയിക്കുന്നു. സംവിധാനം ദീപന്‍. ദീപന്റെ എല്ലാ ചിത്രങ്ങളിലും കാണുന്ന സംഘട്ടനത്തിന്റെ ഇടയില്‍ കയറുകെട്ടി പറത്തന്‍ ഈ ചിത്രത്തിലില്ലാത്തത് വളരെ ആശ.്വാസം തരുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് മേനോനാണ് ചെയ്തിരിക്കുന്നത്.

വ്യത്യസ്ഥ വേഷങ്ങള്‍ എപ്പോഴും ചെയ്യാന്‍ ശ്രദ്ധിക്കുന്ന ജയസൂര്യ തന്റെ വേഷം മികവുറ്റതാക്കാന്‍ ശ്രമിച്ചിരിക്കുന്നു. ഈചിത്രത്തിന്റെ പലരംഗങ്ങളിലും വയലന്‍സ് കൂടുതലായതിനാലാകണം ചിത്രത്തിന് മൊത്തത്തില്‍ U/A സര്‍ട്ടിഫിക്കറ്റ് കിട്ടയത്. പക്ഷേ അനൂപ് മേനോന്റെ തനതു രീതിയില്‍ നിന്നും മാറ്റം വരുത്താന്‍ ഒരു തിരക്കഥാകൃത്തെന്ന രീതിയിലും അഭിനേതാവെന്ന രീതിയിലും അദ്ദേഹം തയ്യാറായിട്ടില്ല എന്നുള്ളതാണ് ചിത്രത്തിന്റെ പോരായ്മയായി എടുത്തു പറയേണ്ടത്.

ജഡ്ജ്‌മെന്റ് ഡേ
ഈ സംരംഭത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രല്ലറാണ് ഫഹദ് ഫാസില്‍ നായകനായി വിനോദ് വിജയന്‍ സംവിധാനം ചെയ്തിരിക്കുന്ന ജഡ്ജ്‌മെന്റ് ഡേ. (ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായതിനാല്‍ കഥ ഇവിടെ സൂചിപ്പിക്കുന്നില്ല). ഡോക്ടറായി ഫഹദ് ഫാസിലും ഭാര്യയായി ഭാമയും അഭിനയിച്ചിരിക്കുന്നു. ഒരു കൊലപാതകത്തിന്റെ രഹസ്യം ബുദ്ധിപരമായ നീക്കത്തിലൂടെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഫഹദ് തന്റെ സ്വാഭാവിക അഭിനയം ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നു. തിരക്കഥയുടെ ചില മുഴച്ചുനില്‍പ്പുകള്‍ ചില സ്ഥലങ്ങളില്‍ കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ സാധാരണ പ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ ആസ്വാദനത്തില്‍ അതുകുറച്ചു പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പക്ഷേ വിനോദ് വിജയന്‍ നല്ലൊരു യജ്ഞത്തിനു വേണ്ടി പരിശ്രമിച്ചിരിക്കുന്നു എന്ന തെളിവ് ഈഹ്രസ്വചിത്രം നമുക്കു തരുന്നുണ്ട്.