Breaking News

വാമനപുരത്ത് പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചത് മാതാവ്; പീഡനം ജനനേന്ദ്രിയത്തില്‍ പേന കുത്തിയിറക്കി

Rajimolതിരുവനന്തപുരം വാമനപുരത്ത് ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് പീഡനമേറ്റ സംഭവത്തില്‍ മാതാവ് പിടിയില്‍. വാമനപുരം ഈട്ടിമൂട് മുണ്ടപ്പള്ളി വീട്ടില്‍ രാജിമോള്‍ (23) ആണ് അറസ്റ്റിലായത്. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് പേന ജനനേന്ദ്രിയത്തില്‍ കുത്തിയിറക്കിയതായി ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനുനേര്‍ക്ക് ലൈംഗിക അതിക്രമം നടന്നെന്നുള്ള രീതിയിലായിരുന്നു വാര്‍ത്ത ആദ്യം പ്രചരിച്ചത്. കഴിഞ്ഞമാസം 24നാണ് രാജിമോളുടെ മകള്‍ രേഷ്മയെ അമിതരക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ അന്തര്‍ഭാഗത്ത് നാല് സെന്റീമീറ്റര്‍ നീളത്തില്‍ ഗുരുതരമായ മുറിവ് കണെ്ടത്തിയത്. മുറിവിന് കാരണം മാതാവിനോട് അന്വേഷിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയത് തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിന് പീഡനമേറ്റതായ സംശയത്തില്‍ വിവരം വെഞ്ഞാറമൂട് പോലീസില്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളടക്കം പതിനഞ്ചോളം പേരെ വെഞ്ഞാറമൂട് പോലീസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുഞ്ഞിനെ പുറത്തുനിന്നുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചിരിക്കാമെന്ന നിഗമനം പോലീസ് ഉപേക്ഷിച്ചിരുന്നു. കുഞ്ഞിനെ വീട്ടിലുള്ളവര്‍തന്നെ അതിക്രമം കാട്ടിയതാകാമെന്ന സംശയത്തിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് മാതാവില്‍ എത്തിച്ചേര്‍ന്നത്.

രാജിമോളുടെ ഭര്‍ത്താവ് സജ്ജയന്‍ ഇവരെ ഉപേക്ഷിച്ച് പോയതോടെ യുവതി മാനസികമായി തളര്‍ന്ന നിലയിലാണത്രെ. രാജിമോളും പിരപ്പന്‍കോട് സ്വദേശിയായ സജ്ജയനും പ്രണയിച്ചാണ് വിവാഹിതരായത്. ഇവര്‍ പോത്തന്‍കോട്ട് വാടക വീട്ടില്‍ കഴിയുകയുമായിരുന്നു. രാജിമോള്‍ രണ്ടുമാസം ഗര്‍ഭിണിയായതോടെ സജ്ജയന്‍ ഇവരെ സ്വന്തം വീട്ടില്‍ കൊണ്ടാക്കിയശേഷം കടന്നുകളയുകയായിരുന്നുവത്രെ. ഇതിനിടെ ഇയാള്‍ കേസുകളില്‍ പ്രതിയാകുകയും രാജിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് പിതാവ് ശശിധരന്റെയും മാതാവ് സുധര്‍മിണിയുടെയും സംരക്ഷണയിലാണ് യുവതി കഴിഞ്ഞത്. ഇത് ഏറെ മാനസികാഘാതം യുവതിയില്‍ സൃഷ്ടിച്ചിരുന്നതായാണ് പറയപ്പെടുന്നത്. കുഞ്ഞിന് നാലുമാസം പ്രായമുള്ളപ്പോള്‍ കട്ടിലില്‍ നിന്നും വീണ നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് മാതാവ് കുഞ്ഞിനോട് അതിക്രമം കാട്ടാന്‍ കാരണമായത്. ഏറെ നാളായി ഇവരുമായി ബന്ധം പുലര്‍ത്താത്ത ഭര്‍ത്താവ് അടുത്തിടെ ഫോണില്‍ ഇവരെ വിളിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസമാണ് കുഞ്ഞിനുനേര്‍ക്ക് അതിക്രമം ഉണ്ടായത്. എസ്എടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ ഡിസ്ചാര്‍ജ് ആയതിനെ തുടര്‍ന്ന് പോലീസെത്തി മാതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണം തത്കാലം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കും. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.