അമേരിക്ക അയയുന്നു; രാസായുധം വിട്ടുകൊടുത്താല്‍ സിറിയയെ ആക്രമിക്കില്ല

single-img
10 September 2013

John Kerry speaking in Londonസിറിയയുടെ നിയന്ത്രണത്തിലുള്ള രാസായുധം അന്തര്‍ദേശീയ നിയന്ത്രണത്തിനു വിട്ടുകൊടുത്താല്‍ സിറിയയെ ആക്രമിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രസ്താവിച്ചതിനു പിന്നാലെ ഇതിനായി പ്രേരണ ചെലുത്താമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. ലണ്ടനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് യുദ്ധം ഒഴിവാക്കാനായി രാസായുധം അന്തര്‍ദേശീയ സമൂഹത്തിന്റെ നിയന്ത്രണത്തിലാക്കാന്‍ അസാദിന് കെറി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. എന്നാല്‍ അസാദ് ഇതിനു തയാറാവുമെന്നു കരുതുന്നില്ലെന്നും കെറി കൂട്ടിച്ചേര്‍ത്തു. കെറിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുത്ത റഷ്യ അസാദിനെ രാസായുധം വിട്ടുകൊടുക്കാന്‍ പ്രേരിപ്പിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. റഷ്യന്‍ നേതാക്കളുമായി മോസ്‌കോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ സിറിയന്‍ വിദേശമന്ത്രി വാലിദ് അല്‍ മുവല്ലവുമായി ഇക്കാര്യം സംസാരിച്ചെന്നും ലാവ്‌റോവ് പറഞ്ഞു. സിറിയന്‍ സര്‍ക്കാരിന്റെ പക്കലുള്ള രാസായുധങ്ങള്‍ അന്തര്‍ദേശീയ നിയന്ത്രണത്തിലാക്കണമെന്നു മാത്രമല്ല പിന്നീട് അവ നശിപ്പിക്കണമെന്നുകൂടി തങ്ങള്‍ ആവശ്യപ്പെടുന്നതായി ലാവ്‌റോവ് ചൂണ്ടിക്കാട്ടി.