പുത്തൂര്‍ ഷീല വധം: രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി

single-img
21 August 2013

puthurപുത്തൂര്‍ ഷീല വധക്കേസിലെ രണ്ടാം പ്രതി കനകരാജിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. കനകരാജിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത കോടതി, കൊള്ളയ്ക്കുവേണ്ടി ആക്രമിക്കല്‍ ഉള്‍പ്പെടെ മറ്റു കുറ്റങ്ങളിലെ ശിക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. വധശിക്ഷയ്‌ക്കെതിരേ കനകരാജും മൂന്നാംപ്രതി മണികണ്ഠനെ ഒഴിവാക്കിയതിനെതിരേ സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ കെ. ടി. ശങ്കര്‍, എം.എല്‍. ജോസഫ് ഫ്രാന്‍സീസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മണികണ്ഠനെ വെറുതെവിട്ട കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

പ്രതികള്‍ക്കെതിരേ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്കു മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ എന്നു കോടതി വ്യക്തമാക്കി. കൊലപാതകക്കേസിലെ പ്രതികള്‍ക്കു നല്‍കുന്ന പരമാവധി ശിക്ഷയാണ് വധശിക്ഷ. ഈ കേസിലെ സാഹചര്യങ്ങളില്‍ നിന്നും തെളിവുകളില്‍നിന്നും പ്രതികള്‍ക്ക് ഇത്തരം പ്രത്യേക ശിക്ഷ നല്‍കേണ്ട വസ്തുതകള്‍ കണെ്ടത്താനാവുന്നില്ല. പ്രതികള്‍ ഷീലയുടെ വീട്ടില്‍ എത്തിയത് കവര്‍ച്ചയ്ക്കാണെന്നു കണെ്ടത്താവുന്നതാണ്. കൊല ചെയ്യണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഉണ്ടായിരുന്നില്ല.

കൊലപാതകം ചെയ്യുന്നതിന് തയാറായി ആയുധങ്ങളുമായല്ല പ്രതികള്‍ വന്നത്. കേസില്‍ കനകരാജിന്റെ കുറ്റം സംശയാതീതമായി തെളിയിച്ചെന്നു കണെ്ടത്താനാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.മൂന്നാംപ്രതിയായ മണികണ്ഠന്‍ സംഭവസമയത്ത് പുറത്തു നില്‍ക്കുകയായിരുന്നുവെന്നും കുറ്റകൃത്യം ചെയ്തതായി തെളിവില്ലെന്നുള്ള കീഴ്‌ക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.