ഉപരോധം പിന്‍വലിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

single-img
19 August 2013

kunjalikkuttyഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ജനകീയ പ്രക്ഷോഭത്തിന്റെ കൊടിപ്പടം എന്ന പേരില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ സമരം അവസാനിച്ചതു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നയചാതുരിക്കു മുന്നിലാണെന്നു പരാമര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേതാക്കളുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണു സമരം അവസാനിപ്പിക്കാന്‍ സാധിച്ചത്. ഈ വിഷയത്തില്‍ എല്‍ഡിഎഫുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. ജുഡീഷല്‍ അന്വേഷണ പ്രഖ്യാപനത്തെക്കുറിച്ചു യുഡിഎഫില്‍ നേരത്തേതന്നെ ധാരണയുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ സൈന്യം കാണിച്ച മണ്ടത്തരം ഞങ്ങള്‍ കാണിക്കില്ല. അതിനാല്‍ കേരളം രക്ഷപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരം അവസാനിപ്പിക്കാന്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തമ്മിലുണ്ടായ രഹസ്യധാരണയ്ക്കു കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നു ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.