സോളാര്‍ തട്ടിപ്പ്: ജുഡീഷ്യല്‍ അന്വേഷണ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

single-img
16 August 2013

oommen-chandy_53സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെടുമെന്നും അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു മടിയും കാണിക്കില്ല. പക്ഷെ അതിനു അവരെ നിര്‍ബന്ധിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കല്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് പറഞ്ഞ് ഇനി അവരുമായി ചര്‍ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. പ്രതിപക്ഷം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയാറായാല്‍ സര്‍ക്കാരും അതിന് ഒരുക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.