തമിഴ്‌നാടുമായുള്ള മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധുതയില്‍ സംശയം

single-img
24 July 2013

MULLAPERIYAR DAMമുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്‌നാടുമായുള്ള കരാറിന്റെ നിയമസാധുതയില്‍ സംശയമുണെ്ടന്നു സുപ്രീം കോടതി. 1886-ല്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യവും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലാണു ജലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു കരാറുണ്ടാക്കിയത്. തുടര്‍ന്ന് ഇന്ത്യ സ്വതന്ത്രമായതോടെ കേന്ദ്ര സര്‍ക്കാരും നാട്ടുരാജ്യം ഉള്‍പ്പെട്ട സംസ്ഥാനവും തമ്മിലുള്ള കരാറായി. അതില്‍ മദ്രാസ് പ്രവിശ്യയോ തമിഴ്‌നാട് സംസ്ഥാനമോ ഈ കരാറില്‍ ഭാഗഭാക്കായതിന്റെ രേഖകളില്ലെന്നും കരാര്‍ സംബന്ധിച്ച വാദവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അതിനുള്ള തെളിവുകള്‍ ഹജരാക്കണമെന്നും ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമില്ലെന്നു കണെ്ടത്തിയ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നൂറു വര്‍ഷം പിന്നിട്ട അണക്കെട്ടിന്റെ കാലപ്പഴക്കം പ്രധാന വിഷയം തന്നെയാണ്. അക്കാര്യത്തില്‍ കേരളം ആശങ്കപ്പെടരുതെന്നും അതിനെതിരേയുള്ള നടപടികള്‍ സ്വീകരിക്കരുതെന്നും പറയാനാവില്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച റെയില്‍വേ പാലങ്ങള്‍ പൊളിച്ചുപണിയുമ്പോള്‍ നൂറുവര്‍ഷം പഴക്കമുള്ള അണക്കെട്ടിനു പകരം പുതിയതൊന്നു നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് മാതൃകയിലുള്ള ഗ്രാവിറ്റി ഡാമുകള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ന്ന സംഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ലെന്ന തമിഴ്‌നാടിന്റെ വാദവും കോടതി അംഗീകരിച്ചില്ല.