ശ്രീശാന്തിനു ജാമ്യമില്ല; മോക്ക ചുമത്തി

single-img
4 June 2013

ഐപിഎല്‍ വാതുവെയ്പ്പിനു അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി പരിഗണിച്ചില്ല. ഇതോടെ താരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി പതിനാലു ദിവസത്തേയ്ക്കു കൂടി നീട്ടി. ശ്രീശാന്തിനു മേല്‍ മോക്ക ( മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം) വകുപ്പു പ്രകാരം കുറ്റം ചുമത്തി. ഇതു കാരമാണ് ജാമ്യം അനുവദിക്കാതിരുന്നത്. ശ്രീശാന്തിനു പുറമേ അറസ്റ്റിലായ മറ്റു 25 പേര്‍ക്കെതിരെയും മോക്ക ചുമത്തിയിട്ടുണ്ട്. ഒത്തുകളിയുമായി ബന്ധപ്പെട്ട കേസുകള്‍ ബലപ്പെടുത്തുന്നതിനാണ് മോക്ക ചുമത്തിയിരിക്കുന്നത്. മുംബൈ അധോലോകത്തിനും വിദേശത്തുള്ള ക്രിമിനലുകള്‍ക്കും ക്രിക്കറ്റ് ഒത്തുകളിയില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്-തീവ്രവാദ മാഫിയകളെ നിയന്ത്രിക്കുന്നതിനാണ് മോക്ക ഉപയോഗിക്കുന്നത്. 1999 ലാണ് ഈ നിയമം മഹാരാഷ്ട്രയില്‍ നിലവില്‍ വന്നത്.
മോക്ക ചുമത്തിയതിനെത്തുടര്‍ന്ന ശ്രീശാന്ത് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.പുതിയ അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിയ്ക്കും. മോക്ക ചുമത്തിയതോടെ പ്രത്യേക കോടതിയായിരിക്കും ഒത്തുകളി കേസ് പരിഗണിയ്ക്കുന്നത്. അതേ സമയം, ഇതേ കേസില്‍ അറസ്റ്റിലായ വിന്ദു ധാരാസിങിനും ഗുരുനാഥ് മെയ്യപ്പനും എതിരെ മോക്ക ചുമത്തിയിട്ടില്ല. ശ്രീശാന്തിന് ഒരു തരത്തിലും ജാമ്യം ലഭിക്കരുതെന്ന ഉദ്ദേശത്തിലാണ് മോക്ക വകുപ്പു പ്രകാരം കേസ് ചാര്‍ജ് ചെയ്തതെന്ന് ശ്രീയുടെ അഭിഭാഷക റബേക്ക ജോണ്‍ ആരോപിച്ചു.