കര്‍ണാടകയില്‍ ജനതാദള്‍-എസ് മുഖ്യപ്രതിപക്ഷം

single-img
30 May 2013

Map-of-Karnataka14-ാം കര്‍ണാടക നിയമസഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നലെ നടന്നത്. ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയും പിന്നീട് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രൊട്ടെംസ്പീക്കര്‍ മാലികയ്യ ഗുട്ടേദാറിനുമുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാഗൊദു തിമ്മപ്പയെ നാളെ സ്പീക്കറായി തെരഞ്ഞെടുക്കും. ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ടുവിഹിതം ലഭിച്ചതിനാല്‍ ജനതാദള്‍-എസിനെയാണു മുഖ്യപ്രതിപക്ഷമായി അംഗീകരിച്ചിരിക്കുന്നത്. രാമനഗര മണ്ഡലത്തില്‍നിന്നു വിജയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയായിരിക്കും പ്രതിപക്ഷനേതാവ്. കുമാരസ്വാമിയെ നിയമസഭാകക്ഷി നേതാവായി കഴിഞ്ഞയാഴ്ച പാര്‍ട്ടിഎംഎല്‍എമാരുടെ യോഗം തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ ജനതാദളിനു മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 20.09 ശതമാനം വിഹിതം ലഭിച്ചതായാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചത്. ബിജെപിയുടെ വോട്ടുവിഹിതമാകട്ടെ 19.97 ശതമാനമാണ്. വന്‍ പരാജയത്തിനു പുറമെ മുഖ്യ പ്രതിപക്ഷകക്ഷിയെന്ന സ്ഥാനവും നഷ്ടപ്പെട്ടതു ബിജെപിക്കു കനത്ത പ്രഹരമായി. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 121 അംഗങ്ങളാണുള്ളത്. ബിജെപിക്കും ജനതാദള്‍-എസിനും 40 അംഗങ്ങള്‍ വീതമാണുള്ളത്.