ഐപിഎല്‍ : മുംബൈ ജേതാക്കള്‍

single-img
27 May 2013

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കീരീടത്തിന് പുതിയ അവകാശികള്‍. മുതിര്‍ന്ന താരങ്ങളുടെ പരിചയസമ്പത്തും യുവത്വത്തിന്റെ ചുറുചുറുക്കും സമം ചേര്‍ന്ന മുംബൈ ഇന്ത്യന്‍ ഐപിഎല്‍ ആറാം പതിപ്പില്‍ കിരീടം ചൂടി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 23 റണ്‍സിനാണ് മുംബൈ ടീം തോല്‍പ്പിച്ചത്. സ്‌കോര്‍ : മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 9 ന് 148 , ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ 9 ന് 125.

ബാറ്റിങ്ങ് ദുഷ്‌കരമായ പിച്ചില്‍ ടോസ്സ് ഭാഗ്യം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം നിന്നു. ആദ്യം ബാറ്റു ചെയ്യാന്‍ മുംബൈ നായകന്‍ തീരുമാനിച്ചെങ്കിലും ടീം തകര്‍ച്ചയോടെ തുടങ്ങുന്നതു കാണാനായിരുന്നു വിധി. ആദ്യ ഓവറില്‍ തന്നെ ഡ്വയിന്‍ സ്മിത്തിനെ പുറത്താക്കി മോഹിത് ശര്‍മ ചെന്നൈയ്ക്ക് ആശിച്ച തുടക്കം സമ്മാനിച്ചു. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ ആദിത്യ താരെയെയും മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും തിരിച്ചയച്ച ആല്‍ബി മോര്‍ക്കല്‍ മുംബൈയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ ദിനേശ് കാര്‍ത്തികും അമ്പാട്ടി റായിഡുവും മുംബൈയുടെ രക്ഷയ്‌ക്കെത്തി. ദിനേശ് കാര്‍ത്തിക് 21 റണ്‍സ് എടുത്ത് പുറത്തായെങ്കിലും കിറോണ്‍ പൊള്ളാര്‍ഡ് മുംബൈയെ ചുമലിലേറ്റി. 55 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്നു പോരാടിയ പൊള്ളാര്‍ഡ് ആണ് മുംബൈയെ സുരക്ഷിത തീരത്തെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അവിശ്വസനീയമായ രീതിയിലാണ് തകര്‍ന്നടിഞ്ഞത്. 11.3 ഓവറില്‍ 58 റണ്‍സ് ബോര്‍ഡില്‍ എത്തിയപ്പോഴേയ്ക്കും 8 ചെന്നൈ വിക്കറ്റുകളാണ് വീണത്. അവസാന ഘട്ടത്തില്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴാമനായിറങ്ങിയ ധോണി 55 പന്തില്‍ 60 റണ്‍സ് നേടി. എന്നാല്‍ മൂന്നാമതൊരു കിരീടം ചെന്നൈയ്ക്ക് സമ്മാനിക്കാന്‍ ധോണിയപുടെ പ്രകടനം മതിയായില്ല. ചെന്നൈ നിരയില്‍ മുരളി വിജയ്, ഡ്വയിന്‍ ബ്രാവോ, ധോണി, ആല്‍ബി മോര്‍ക്കല്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
കിറോണ്‍ പൊള്ളാര്‍ഡ് ആണ് കളിയിലെ താരം. രാജസ്ഥാന്‍ റോയന്‍സ് താരം ഷെയ്ന്‍ വാട്‌സണ്‍ ആണ് ടൂര്‍ണമെന്റിലെ താരം.