യുവരാജും ഗംഭീറും പുറത്ത്

single-img
4 May 2013

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ ഗൗതം ഗംഭീറും മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിങും ടീമിലില്ല. മുപ്പതംഗ സാധ്യതാ ടീമില്‍ നിന്നാണ് അവസാന പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തി. ഓപ്പണര്‍ സ്ഥാനത്തേയ്ക്ക് ശിഖര്‍ ധവാനും മുരളി വിജയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ വന്നതോടെ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന മുരളി വിജയിന്റെ തെരഞ്ഞെടുപ്പ് അപ്രതീക്ഷിതമായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം പേസ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചെത്തി. വിനയ് കുമാര്‍, അമിത് മിശ്ര, ഉമേഷ് യാദവ് എന്നിവര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ആണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ആതിഥ്യമരുളുന്നത്. ജൂണ്‍ ആറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്നു മത്സരങ്ങള്‍ വീതമാണുള്ളത്. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലെത്തും.
ഇന്ത്യന്‍ ടീം : മഹേന്ദ്ര സിങ് ധോണി, വിരാട് കോലി, ശിഖര്‍ ധവാന്‍ , മുരളി വിജയ്, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍ .അശ്വിന്‍ , ഇര്‍ഫാന്‍ പത്താന്‍ , ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, അമിത് മിശ്ര, വിനയ് കുമാര്‍