ചൈനീസ് കടന്നുകയറ്റം: എ.കെ. ആന്റണി കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തി

single-img
26 April 2013

_AK_Antonyevarthaഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെക്കുറിച്ചു പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് ചര്‍ച്ച നടത്തി. ജമ്മു-കാഷ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ചു കരസേനയുടെ വടക്കന്‍ കമാന്‍ഡ് നല്‍കിയ വിവരങ്ങളാണു ജനറല്‍ ബിക്രം സിംഗ് പ്രതിരോധമന്ത്രിയെ ധരിപ്പിച്ചത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ കെ.ടി. പര്‍ണായിക്കുമായി ജമ്മു കാഷ്മീറിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാസമിതിയുടെ ചൈനീസ് പഠന വിഭാഗവുമായും സൈന്യം അതിര്‍ത്തിയിലെ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കൂടുതല്‍ സൈന്യത്തെ നിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനറല്‍ ബിക്രം സിംഗ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ സമിതിയുടെ ചൈനീസ് പഠനവിഭാഗവും പ്രതിരോധമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്. കരസേനയുടെ അഞ്ചാം ലഡാക്ക് ബറ്റാലിയനെ ദൗളത് ബെഗ് ഓള്‍ഡിയിലേക്കു മാറ്റി നിയമിച്ചിട്ടുണ്ട്.