മമതയെ തടഞ്ഞ എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റു ചെയ്തു

single-img
22 April 2013

ഡല്‍ഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തടയുകയും സംസ്ഥാന ധനമന്ത്രി അമിത് മിത്രയെ കൈയേറ്റം ചെയ്യുകയും ചെയ്ത കുറ്റത്തിന് ആറ് എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റു ചെയ്തു. എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി ഋതബ്രത ബാനര്‍ജി അടക്കമുള്ള നേതാക്കളാണ് അറസ്റ്റിലായത്. 

ഏപ്രില്‍ ഒന്‍പതിന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുമായി കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെ യോജന ഭവനിലെത്തിയപ്പോഴാണ് മമത ബാനര്‍ജിയെയും അമിത് മിത്രയെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമം നടക്കുകയും ചെയ്തത്. പശ്ചിമബംഗാളില്‍ യുവ എസ്എഫ്‌ഐ നേതാവ് സുദീപ്‌തോ ഗുപ്ത പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിലായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. മമത ബാനര്‍ജിയെയും അമിത് മിത്രയെയും തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത എസ്എഫ്‌ഐയുടെ നടപടി ഇടതുപക്ഷത്തു നിന്നു തന്നെ വിമര്‍ശനമേറ്റു വാങ്ങിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അന്വേഷണത്തിനുത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്.