ചൈനയില്‍ ഭൂകമ്പം ; നൂറിലേറെ മരിച്ചു

single-img
20 April 2013

ചൈനയിലെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ സിചുവാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചു. ഏകദേശം 2,200 പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ 8.02 നാണ് അനുഭവപ്പെട്ടത്. യാന്‍ നഗരത്തിനടുത്ത് ലുഷാന്‍ പ്രവിശ്യയില്‍ ഭൂനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ ദേശീയ ടെലിവിഷന്‍ ആണ് പുറത്തു വിട്ടത്. പരുക്കേറ്റവരില്‍ 147 പേരുടെ നില ഗുരുതരമാണ്.

ഭൂചലനം അനുഭവപ്പെട്ടയുടനെ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും മറ്റും പുറത്തേക്കോടി. ലുഷാനില്‍ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ആറായിരത്തോളം വരുന്ന രക്ഷാപ്രവര്‍ത്തകരെ അപകടം സംഭവിച്ച സ്ഥലങ്ങളിലേയ്ക്ക് നിയോഗിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
1.5 മില്യണ്‍ ആളുകള്‍ അധിവസിക്കുന്ന നഗരമാണ് യാന്‍. 2008 ല്‍ ഈ പ്രദേശത്തുണ്ടായ 7.9 തീവ്രതയുള്ള ഭൂകമ്പത്തില്‍ 68,000 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.