മരിച്ചില്ല ഞാന്‍

single-img
18 April 2013

 ‘എന്റെ മരണ വാര്‍ത്ത ഞാനും കേട്ടു.’ കാണുന്നവരോടെല്ലാം ഈ ഡയലോഗ് പറഞ്ഞു നടക്കേണ്ട ഗതികേടിലാണ് ബോളിവുഡ് യുവ നായകനും ഗായകനും ടെലിവിഷന്‍ അവതാരകനുമായ ആയുഷ്മാന്‍ ഖുറാന. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് സ്‌നോബോര്‍ഡ് വിനോദത്തിനിടയില്‍ അപകടത്തില്‍ പെട്ട് ആയുഷ്മാന്‍ മരിച്ചു എന്ന് വാര്‍ത്ത പരന്നതാണ് കാരണം. ബുധനാഴ്ച രാത്രിയോടെ ഗ്ലോബല്‍ അസോസിയോറ്റഡ് ന്യൂസ് എന്ന വെബ്‌സൈറ്റിലാണ് മരണ വാര്‍ത്ത വന്നത്. തൊട്ടു പിന്നാലെ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഇക്കാര്യം കാട്ടുതീ പോലെ വ്യാപിച്ചു. വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച് ആശയക്കുഴപ്പെ നിലനില്‍ക്കെ താരത്തിനു ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് ട്വിറ്റര്‍ നിറഞ്ഞു കവിയുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോള്‍ ആയുഷ്മാന്‍ സ്വയം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു- ഞാന്‍ ജീവനോടെയുണ്ട്. മരണം സംബന്ധിച്ചുള്ള വാര്‍ത്തകളെ വിചിത്രം എന്നാണ് താരം വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ വാര്‍ത്ത പടച്ചു വിട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നതായും ആയുഷ്മാന്‍ പറഞ്ഞു.

അപകടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടോടു കൂടിയാണ് വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്വിറ്റ്‌സര്‍സലന്‍ഡില്‍ അവധിക്കാലം ചെലവഴിക്കവേ സെര്‍മാറ്റ് സ്‌കൈ എന്ന റിസോട്ടില്‍ വച്ച് സ്‌നോബോര്‍ഡിങ്ങിനിടയില്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു വാര്‍ത്ത.
വിക്കി ഡോണര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ വരവറിയിച്ച നടനാണ് ആയുഷ്മാന്‍. വിക്കി ഡോണറിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനും ആ ചിത്രത്തില്‍ ആലപിച്ച ഗാനത്തിന് മികച്ച ഗായകനുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡുകള്‍ അദേഹം നേടി. കൂടാതെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ആയുഷ്മാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടാമത്തെ ചിത്രമായ നൗട്ടങ്കി സാല ഏപ്രില്‍ 12 നാണ് റിലീസ് ചെയ്തത്. അടുത്ത ഹിറ്റിലേയ്ക്ക് പുതിയ ചിത്രം നീങ്ങവേയാണ് താരം മരിച്ചുവെന്ന് വാര്‍ത്ത വന്നത്.