നവജാത ശിശുക്കള്‍ മരിച്ചു: നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു

single-img
13 April 2013

CSIകഴക്കൂട്ടത്തെ സി.എസ്.ഐ മിഷന്‍ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് രണ്ട് നവജാതശിശുകള്‍ മരണമടഞ്ഞു. ആശുപത്രി അധികൃതരുടെ പിഴവാണെന്നാരോപിച്ച് നാട്ടുകാര്‍ ആശുപത്രിയുടെ പ്രധാനകവാടം ഉപരോധിച്ചു. കഴക്കൂട്ടം തോന്നയ്ക്കല്‍ പാട്ടത്തിന്‍കര ബീന ഭവനില്‍ സന്തോഷ് കുമാര്‍ അശ്വതി ദമ്പതികളുടെയും കാര്യവട്ടം വിജയ വിലാസത്തില്‍ സനല്‍കുമാറിന്റെയും ശ്രീദേവിയുടെയും മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരണപ്പെട്ടത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 കാര്യവട്ടം സ്വദേശിയായ ശ്രീദേവി ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. കുഞ്ഞിന് അസഹനീയമായ ഛര്‍ദി ഉണ്ടായതിനെത്തുടര്‍ന്ന് അച്ഛന്‍ സനല്‍കുമാറിനെ ആശുപത്രി അധികൃതര്‍ വിവരമറിയിക്കുകയും ശ്വാസകോശത്തിലുണ്ടായ തകരാറാണ് ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ കാരണമെന്നും അല്‍പസമയത്തിനകം കുഞ്ഞ് സുഖം പ്രാപിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചേ 1.30 ഓടെ കുഞ്ഞിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് 108 ആംബുലന്‍സില്‍ തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോകുകയും 3.30ന് മരണപ്പെടുകയുമായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് 5.30 ഓടെ തോന്നയ്ക്കല്‍ സ്വദേശി അശ്വതി എന്ന യുവതി 5.30ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാവിലെ 7.30 ഓടെ ആ ആശുപത്രിയില്‍ എത്തിക്കുകയും 8.30 ഓടെ മരണപ്പെടുകയുമായിരുന്നു.

ചികിത്സാ പിഴവില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഒന്നടങ്കവും ആശുപത്രിയില്‍ തടിച്ചുകൂടി. ബന്ധുക്കള്‍ കൂടി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.