വിജയ വഴിയില്‍ മുംബൈ ഇന്ത്യന്‍സ്, തുടക്കം ഗംഭീരമാക്കി രാജസ്ഥാന്‍ റോയല്‍സ്

single-img
7 April 2013

ആറാം ഐപിഎല്ലില്‍ കളിച്ച ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ശക്തമായി തിരിച്ചുവന്നപ്പോള്‍, സീസണിലെ ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് കരുത്തു കാട്ടി. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തിലാണ് മുംബൈ ഇന്ത്യന്‍സ് 9 റണ്‍സിനു തോല്‍പ്പിച്ചത്. റോയല്‍സ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ അഞ്ചു റണ്‍സിനു തോല്‍പ്പിച്ചു.

സ്‌കോര്‍ :മുംബൈ ഇന്ത്യന്‍സ് ആറിന് 148, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്‍പതിന് 139

രാജസ്ഥാന്‍ റോയല്‍സ് ഏഴിന് 165,ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ആറിന് 160
രണ്ടു വട്ടം ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി രുചിച്ചു. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ടിനും ടീമിനെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് കിറോണ്‍ പൊള്ളാര്‍ഡിന്റെ 57 റണ്‍സിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും(37) ഹര്‍ഭജന്‍ സിങിന്റെയും(21) ചെറുത്തു നില്‍പ്പിന്റെയും ബലത്തില്‍ 148 റണ്‍സ് നേടി. ഓപ്പണിങ്ങില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ റണ്ണൊന്നുമെടുക്കാനാകാതെ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനും(6) കാര്യമായൊന്നും ചെയ്യാനായില്ല. ചെന്നൈയ്ക്കു വേണ്ടി ഡ്വയിന്‍ ബ്രാവോ 2 വിക്കറ്റ് വീഴ്ത്തി. ആര്‍.അശ്വിന്‍, ഡിര്‍ക് നാനസ്, അന്‍കിത് രാജ്പൂത്, ബെന്‍ ലാഫ്‌ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തുന്നതില്‍ വിജയിച്ചതോടെ മുംബൈ കളിയില്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. എന്നാല്‍ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സൂപ്പര്‍ കിങ്‌സ് കളിയിലേയ്ക്ക തിരിച്ചു വന്നു. എന്നാല്‍ 26 പന്തില്‍ 5 ഫോറും 3 സിക്‌സും പറത്തി 51 റണ്‍സെടുത്ത ധോണി പുറത്തായത് ചെന്നൈയെ തകര്‍ത്തു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് മാത്രം മതി എന്ന ഘട്ടത്തില്‍ മുന്‍പ് പലപ്പോഴുമെന്ന പോലെ ധോണിയില്‍ നിന്നും ഒരു ക്ലീന്‍ ഫിനിഷ് ആഗ്രഹിച്ച ആരാധകരെ ഞെട്ടിച്ചു കൊണ്ട് ആദ്യ പന്തില്‍ തന്നെ നായകന്‍ മുനാഫ് പട്ടേലിന് വിക്കറ്റ് സമ്മാനിച്ചു. സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയ്ക്ക് തൊട്ടരുകില്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ തകര്‍പ്പനൊരു ക്യാച്ച് അണ് ചെന്നൈയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. തുടര്‍ന്നുള്ള അഞ്ച് പന്തുകളില്‍ രണ്ടു റണ്‍സ് കൂടി കണ്ടെത്താനെ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി മുനാഫ് പട്ടേല്‍ മൂന്നും ഹര്‍ഭജന്‍ സിങ്, പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ടും മിച്ചല്‍ ജോണ്‍സണ്‍, കിറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഉജ്വല പ്രകടനം കാഴ്ചവച്ച കിറോണ്‍ പൊള്ളാര്‍ഡ് ആണ് മാന്‍ ഓഫ് ദ മാച്ച്.
രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ നെടും തൂണായത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രകടനമാണ്. മൂന്നാമനായിറങ്ങി 51 പന്തുകളില്‍ 65 റണ്‍സെടുത്ത വന്‍മതില്‍ കളിയിലെ താരത്തിനുള്ള ബഹുമതിയും സ്വന്തമാക്കി. ക്യാപ്റ്റനൊപ്പം മധ്യനിര ബാറ്റ്‌സ്മാന്‍ സ്റ്റുവര്‍ട്ട് ബിന്നിയും (40) തട്ടുപൊളിപ്പന്‍ ബാറ്റിങ്ങ് കാഴ്ച വച്ചതോടെ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ തന്നെ റോയല്‍സ് നേടി. 20 പന്തുകളിലാണ് ബിന്നി 40 റണ്‍സെടുത്തത്. ദ്രാവിഡ് 6 ഫോറും 2 സിക്‌സും പറത്തിയപ്പോള്‍ 2 ഫോറും 3 സിക്‌സുമാണ് ബിന്നിയുടെ ബാറ്റില്‍ നിന്ന് വന്നത്. ഇവരെ കൂടാതെ അജിന്‍ക്യ രഹാനെയും(28), കുസല്‍ പെരേരയും (14) മാത്രമേ രണ്ടക്കം കടന്നുള്ളു. 18 ാം ഓവറിന്റെ അഞ്ചാം പന്തില്‍ ദ്രാവിഡ് പുറത്തായതിനു ശേഷം അഞ്ച് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമായത് അവര്‍ക്ക് ക്ഷീണമായി. ഡെല്‍ഹിയ്ക്കു വേണ്ടി ഉമേഷ് യാദവ് നാലും ആഷിഷ് നെഹ്‌റ രണ്ടും ഷഹബാസ് നയീം ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ ഡെല്‍ഹിയ്ക്കു വേണ്‍ി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (77) അര്‍ദ്ധ സെഞ്ച്വറി നേടി. ഉന്‍മുക്ത് ചന്ദ്(23), മഹേല ജയവര്‍ധനെ(19), മന്‍പ്രീത് ജുനേജ(20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ ടീം സ്‌കോര്‍ 153 ല്‍ നില്‍ക്കെ വാര്‍നര്‍ റണ്‍ ഔട്ടായത് കാര്യങ്ങള്‍ മാറ്റിമറിച്ചു. തുടര്‍ച്ചയായി വിക്കറ്റ് വീണതും മധ്യനിരയുടെ തകര്‍ച്ചയും അവര്‍ക്ക് വിനയായതോടെ അഞ്ച് റണ്‍സ് അകലെ വിജയം കൈവിടേണ്ടി വന്നു. റോയല്‍സിനു വേണ്ടി കെവന്‍ കൂപ്പര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മലയാളി പേസര്‍ എസ്. ശ്രീശാന്ത്, രാഹുല്‍ ശുക്ല എന്നിവര്‍ ഒരു വിക്കറ്റ് വീതം നേടി.