സൂര്യ തേജസില്‍ ഹൈദരാബാദ്

single-img
6 April 2013

ഐപിഎല്‍ ആറാം സീസണില്‍ സണ്‍ റൈസേഴ്‌സ് എന്ന പുത്തന്‍ അസ്ഥിത്വവുമായെത്തിയ ഹൈദരാബാദ് ടീം ആദ്യ മത്സരത്തില്‍ തന്നെ ഉദിച്ചുയര്‍ന്നു. ഹോം ഗ്രൗണ്ടായ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പുനെ വാരിയേസിനെ 22 റണ്‍സിനാണ് ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് തറപറ്റിച്ചത്. ഡെയില്‍ സ്റ്റെയിനും അമിത് മിശ്രയുമാണ് തീപ്പൊരി ബൗളിങ്ങിലൂടെ സണ്‍ റൈസേഴ്‌സിന്റെ ആദ്യ ജയം നേടിയത്. സണ്‍ റൈസേഴ്‌സ് ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പുനെ 18.5 ഓവറില്‍ 104 റണ്‍സ് എടുത്തപ്പോഴേയ്ക്കും ഓള്‍ ഔട്ടായി. സ്‌റ്റെയിനും മിശ്രയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഉപ്പലില്‍ ടോസ് കിട്ടിയ പുനെ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് ബൗളിങ്ങ് തെരഞ്ഞെടുത്തു. തീരുമാനം ശരിവച്ചുകൊണ്ട് സണ്‍ റൈസേഴ്‌സ് ബാറ്റിങ്ങ് നിര പുനെ റൈഡേഴ്‌സിന്റെ ബൗളിങ്ങിനു മുന്നില്‍ കിതയ്ക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. അശോക് ഡിന്‍ഡയുടെ ഇരയായി ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ ആണ് സണ്‍ റൈസേഴ്‌സ് നിരയില്‍ നിന്ന് ആദ്യം പുറത്തായത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങിയതോടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തിക്കാനേ സണ്‍ റൈസേഴ്‌സിനു കഴിഞ്ഞുള്ളു. എന്നാല്‍ ദുര്‍ബലമായ വിജയലക്ഷ്യം സണ്‍ റൈസേഴ്‌സിന്റെ ബൗളര്‍മാര്‍ രക്ഷിച്ചെടുത്തു.