ഞാന്‍ ദൈവമല്ല

single-img
5 April 2013

കോടിക്കണക്കിനു ഹൃദയങ്ങള്‍ക്ക് അദേഹം ദൈവമാണ്. ഒരു രാജ്യം മുഴുവന്‍ ക്രിക്കറ്റിനെ മതമാക്കി ആ മനുഷ്യനെ അതിന്റെ ദൈവമായി കണ്ട് പൂജിക്കുന്നു. എന്നാല്‍ അദേഹം പറയുന്നു, ‘ഞാന്‍ ദൈവമല്ല. എനിക്കു തെറ്റു പറ്റാറുണ്ട്, എന്നാല്‍ ദൈവത്തിനു അങ്ങനെ സംഭവിക്കാറില്ല.’ മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ കുട്ടികളുടെ ചോദ്യത്തിനാണ് ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇങ്ങനെ പ്രതികരിച്ചത്. നൂറാം സെഞ്ച്വറിയ്ക്കു വേണ്ടി ഒരു വര്‍ഷത്തോളം കാത്തിരുന്നത് എത്രത്തോളം വേദനാജനകമായിരുന്നെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓര്‍മ്മിച്ചു.

‘നൂറാം സെഞ്ച്വറി തികച്ച നിമിഷത്തില്‍ ഞാന്‍ ആഘോഷിക്കുകയോ കുതിച്ചു ചാടുകയോ ഒന്നും ചെയ്തില്ല. ദൈവത്തിനു മുന്നില്‍ ഒരു കാര്യം മാത്രം ചോദിച്ചു, എന്തു കൊണ്ടാണ് ഞാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നത്? എന്ത് തെറ്റാണ് എന്റെ ഭാഗത്തു നിന്നുമുണ്ടായത്. ? നൂറു കോടി ജനങ്ങള്‍ കാത്തിരുന്ന ഈ ലക്ഷ്യം നേടാന്‍ ഇത്രയും വൈകരുതായിരുന്നു. ‘ -സച്ചിന്‍ പറഞ്ഞു.
ചെറുപ്പത്തില്‍ സുനില്‍ ഗവാസ്‌കറെ പോലെ ആകാനായിരുന്നു ആഗ്രഹമെന്ന് ലോക ക്രിക്കറ്റില്‍ ഏതാണ്ടെല്ലാ റെക്കോര്‍ഡുകളും സ്വന്തമാക്കി കഴിഞ്ഞ സച്ചിന്‍ പറഞ്ഞു. ‘കുറച്ചു കൂടി വളര്‍ന്നപ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും ആകര്‍ഷിച്ചിരുന്നു. ഈ രണ്ടു താരങ്ങളുടെയും മിശ്രണം ആകണം എന്നായിരുന്നു എന്റെ ആഗ്രഹം.’